Skip to main content
..

ബാലാവകാശ സംരക്ഷണ കമ്മീഷന്‍; ജില്ലാതല അവലോകനയോഗം നടത്തി

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലനീതി, പോക്സോ, ആര്‍.ടി.ഇ എന്നീ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപെട്ട ജില്ലാതല അവലോകനയോഗം ചേര്‍ന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ കെ ഷാജു അധ്യക്ഷനായി. കുട്ടികളുടെ സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ ബാല്യത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് യോഗം വ്യക്തമാക്കി. കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം വ്യാപകമായി എല്ലാവരിലേക്കും എത്തിക്കണം. പോക്‌സോ കേസുകളില്‍പ്പെട്ട കുട്ടികളെ വൈദ്യ പരിശോധനയ്ക്കെത്തിക്കുമ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ തിരക്കിലാകുമ്പോള്‍ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാന്‍ പ്രത്യേകം ഡോക്ടറിനെ നിയമിക്കുക, വനിതാ ശിശു വികസന ഓഫീസര്‍മാരുടെ നിയമനം എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ കൂടി കൊണ്ടു വരുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വനിതാ ശിശു വികസന വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ശിശുക്ഷേമസമിതി, സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, പട്ടികവര്‍ഗം, എക്സൈസ്, വിദ്യാഭ്യാസം തൊഴില്‍ വകുപ്പുകള്‍ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലയിലെ വെല്ലുവിളികളും പരിഹാരങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം ബി മോഹന്‍കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് സനില്‍ കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ എന്‍ ഷണ്‍മുഖന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

date