ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍
ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ ജയന്‍ സ്മാരക ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 42 കോടി രൂപ ജനറല്‍ പ്ലാന്‍ ഫണ്ടും 27 കോടി രൂപ പട്ടികജാതി ഉപപദ്ധതിയും 37 ലക്ഷം രൂപ പട്ടികവര്‍ഗ്ഗ ഉപപദ്ധതിയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് 14 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് റോഡ് റോഡിതര വിഭാഗങ്ങളിലായി 50 കോടി രൂപയും ഉള്‍പ്പെടെ ആകെ 133 കോടി 37 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.
2025-26 വാര്‍ഷിക പദ്ധതിയില്‍ ശുചിത്വം, മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വനിതാ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വ്യവസായങ്ങള്‍ ഏറ്റെടുക്കുന്നതിന് റിവോള്‍വിംഗ് ഫണ്ട് വകയിരുത്തുന്ന പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത് വാര്‍ഷിക പദ്ധതി അവതരണം നടത്തി. വാര്‍ഷിക പദ്ധതി മേഖലാ വകയിരുത്തലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വസന്താ രമേശ്, കെ. അനില്‍ കുമാര്‍, അഡ്വ.അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments