Skip to main content
..

ബോധവത്കരണവും അറിവും സമന്വയിപ്പിച്ച് കെ.എസ്.ഇ.ബി സ്റ്റാള്‍

കൊല്ലം @ 75 പ്രദര്‍ശന, വിപണന മേളയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സ്റ്റാളിലെത്തുന്നവര്‍ക്ക് കാണാനും അറിയാനും കാഴ്ചകള്‍ ഏറെയുണ്ട്. വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി വിവിധ മാതൃകകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗാര്‍ഹിക കണക്ഷണുകളില്‍ ഷോക്കേല്‍ക്കുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുന്ന സംവിധാനമായ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറിന്റെ (ഇ.എല്‍.സി.ബി) പ്രവര്‍ത്തന മാതൃകയും ലൈന്‍ കമ്പിയില്‍ തട്ടി വൈദ്യുതാഘാതമേല്‍ക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണ മാതൃകയും നേരില്‍ കാണാം. കൂടാതെ സോളാര്‍ വഴിയുള്ള വൈദ്യുത ഉല്‍പാദനത്തിന്റെ പ്രവര്‍ത്തന മാതൃകയും കെ.എസ്.ഇ.ബിയുടെ സഹായത്തോടെ സോളാര്‍ സ്ഥാപിക്കുന്നതിനുള്ള വിവിധ പാക്കേജുകളും അവയ്ക്കായി നല്‍കേണ്ട തുകയും ഓരോ പാക്കേജ് വഴിയും ലഭിക്കുന്ന വൈദ്യുതിയുടെ അളവും കൃത്യമായി അറിയാനും സംവിധാനമുണ്ട്. സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകള്‍ റിപ്പയര്‍ ചെയ്തു കൊടുക്കുന്നതിനൊപ്പം പ്രദര്‍ശന നഗരിയില്‍ എത്തുന്നവര്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകളുടെ റിപ്പയറിംഗ് പരിശീലനവും നല്‍കുന്നുണ്ട്. ശലഭത്തിന്റെ ആകൃതിയിലുള്ള സെല്‍ഫി സ്പോട്ടില്‍ കെ.എസ്.ഇ.ബിയുടെ വിവിധ സംരംഭങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
ഇന്‍കാന്‍ഡസെന്റ് ബള്‍ബ്, ഫാന്‍, എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ്ലൈറ്റ് എന്നിവയുടെ വൈദ്യുതി ഉപയോഗത്തിന്റെ പ്രവര്‍ത്തനവും നേരിട്ട് കാണാന്‍ കഴിയും. മുമ്പ് ഉപയോഗിച്ചിരുന്ന റെസിസ്റ്റന്‍സ് റെഗുലേറ്ററില്‍ നിന്നും ഇലക്ട്രോണിക് റെഗുലേറ്ററിന്റെ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടാകുന്ന കുറവ് കണ്ടറിയാനാവും. ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള ആപ്പുകള്‍, വെബ്സൈറ്റുകള്‍ എന്നിവയുടെ വിവരങ്ങള്‍ മുതല്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍ വരെ ലഭ്യമാണ്. കേരളം രൂപീകരിച്ചത് മുതല്‍ ഇപ്പോള്‍ വരെയുള്ള വൈദ്യുതി വകുപ്പ് മന്ത്രിമാരും അവരുടെ കാലയളവും മറ്റ് വിവരങ്ങളും സ്റ്റാളില്‍സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലൂടെ അറിയാന്‍ കഴിയും.

date