Skip to main content

വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്: രജിസ്‌ട്രേഷന്‍ 27 മുതല്‍

വികസിത ഭാരത സങ്കല്‍പങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയ രൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. യുവാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും വേദി നല്‍കും. ഫെബ്രുവരി 24ന് നടക്കുന്ന പരിപാടിയില്‍ 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. 'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ https://mybharat.gov.in/mega_events/viksit-bharat-youth-parliament  പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 9 വരെയാണ് ഇതിനുള്ള സമയം. സംസ്ഥാനത്ത് നാല് സ്ഥലങ്ങളില്‍ വെച്ചാണ് നോഡല്‍ ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുക. മാര്‍ച്ച് 17നകം നോഡല്‍ ജില്ലാ മത്സരങ്ങളും 20നകം സംസ്ഥാന മത്സരങ്ങളൂം സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്കാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്ന് തിരഞ്ഞെടുത്ത വീഡിയോ അയച്ച മത്സാരാര്‍ഥികള്‍ക്കുള്ള നോഡല്‍ ജില്ലാതല മത്സരം മാര്‍ച്ച് 15ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നടക്കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും അതാത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായും ബന്ധപ്പെടാം. ഫോണ്‍: 7558892580.

date