സാമൂഹിക പരിഷ്കരണത്തിന്റെ ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്ക് - മന്ത്രി കെടി ജലീല്‍
സാമൂഹിക പരിഷ്കരണത്തിന്റെ ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറം ഗവ. കോളേജില്‍ പുതുതായി അനുവദിച്ച പിജി കോഴ്സുകളുടെയും ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ സമൂഹത്തിലും ഉണ്ടാകുന്ന പരിഷ്കരണങ്ങളുടെ ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണ്. പുതിയ അവര്‍ണര്‍ക്കും ദലിതുകള്‍ക്കും ക്ഷേത്രത്തില്‍ മുമ്പ് പ്രവേശനമുണ്ടായിരുന്നില്ല. ദുരാചാരമായിരുന്ന സതി നിര്‍ത്തലാക്കിയപ്പോള്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് എതിര്‍ത്തിരുന്നത്.
എല്ലാ സമൂഹത്തിലെയും പരിഷ്കാര്ത്തകളും നവോത്ഥാന നായകരും ശ്രമിച്ചതിന്റെ ഫലമായാണ് കേരളം പുരോഗതി നേടിയത്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസവും അവസരവും നല്‍കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ സമയത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷന് റിപ്പോര്‍ട്ടിനനുസരിച്ചാണ് പുതിയ കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. കോളേജില്‍ പുതുതായി അനുവദിച്ച ഇസ്ലാമിക് ഹിസ്റ്ററി പഠനഗവേഷണ കേന്ദ്രം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്പേഴ്സന് സിഎച്ച് ജമീല, കൗണ്‍സിലര്‍മാരായ ഒ സഹദേവന്, തോപ്പില്‍ മുഹമ്മദ് കുട്ടി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെഎസ് മായ, എംഎസ്പി കമാന്‍ഡന്റ് യു അബ്ദുല്‍ കരീം, യൂനിയന്‍ ചെയര്മാന് ഷംസീര്‍ ഹഖ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments