കായിക പ്രതിഭകളെ മുന്‍നിരയില്‍ എത്തിക്കാന്‍ ഗെയിംസ് ഫെസ്റ്റിവലുകള്‍ അനിവാര്യം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
#ജില്ലാ ഗെയിംസ് ഫെസ്റ്റിവല്‍ സമാപിച്ചു
നിരവധി കായിക പ്രതിഭകൾ നമ്മുടെ സമൂഹത്തില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും അവരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും പ്രചോദനം നല്‍കാനും ഗെയിംസ് ഫെസ്റ്റിവലുകള്‍ അനിവാര്യമാണെന്ന് രജിസ്ട്രേഷന് മ്യൂസിയം ആര്‍ക്കിയോളജിക്കല്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. പാറശ്ശാല പ്ലാമൂട്ടുക്കടയില്‍ സംഘടിപ്പിച്ച ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവല്‍ പോലുള്ള മേളകള്‍ രാജ്യത്തെ കായിക ചൈതന്യത്തിന്റെ ഭാഗമാണ്. നാട്ടിന്‍പുറങ്ങളിലെ കഴിവുള്ള താരങ്ങളെ കണ്ടെത്താനും അവരെ പരിശീലിപ്പിച്ചു രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും ഇത്തരം മേളകള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ മത്സരത്തില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്രിക്കറ്റില്‍ വിജയികളായി. കബഡിയില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്തും വർക്കല മുനിസിപ്പാലിറ്റി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമാപന ദിവസം നടന്ന വോളിബോള്‍ മത്സരത്തില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനെ പരാജയപ്പെടുത്തി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വിജയികളായി. ഗെയിംസ് ഫെസ്റ്റിവലില്‍ വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം ചെയ്തു.
മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം ജയ്സമ്മ ജെ.മൂത്തേടം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബിനു, സൂര്യ.എസ്.പ്രേം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments