അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ
ഇരുനൂറ് രൂപ വാർഷിക പ്രീമിയം നിരക്കിൽ മികച്ച ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന 'ജീവൻ ദീപം ഒരുമ' ഇൻഷുറൻസ് പദ്ധതി വഴി ജില്ലയിലെ അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാൻ കുടുംബശ്രീ.
സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, കുടുംബശ്രീ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പോളിസി ഉടമകളെ ചേർക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു. ഏപ്രിൽ 30 വരെയാണ് കാലാവധി. 2020-21 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. അയൽക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാൽ ഇൻഷുറൻസ് പദ്ധതി വഴി സാമ്പത്തിക സഹായം ലഭ്യമാക്കും. 18 മുതൽ 74 വയസു വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. 18നും 50 വയസിനും ഇടയിൽ പ്രായമുള്ളഅയൽക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള പ്രകാരം
അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51-60 വയസു വരെ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ 80,000 രൂപയും 61-70 വരെ 30,000 രൂപയും 71-74 വരെ പ്രായമുള്ള പോളിസി ഉടമകൾക്ക് മരണം സംഭവിച്ചാൽ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകടമരണം സംഭവിച്ചാൽ അപകട
ആനുകൂല്യമായി 30,000 രൂപ അധികം ലഭിക്കും. അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പായെടുത്ത ശേഷം ഇതിലെ ഒരംഗത്തിനു മരണം സംഭവിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ടി
വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആൾക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് തുകയിൽ നിന്നും ഈ വ്യക്തിയുടെ പേരിൽ
നിലനിൽക്കുന്ന വായ്പാ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ
അവകാശിക്കും ലഭിക്കും. 2025-26 സാമ്പത്തിക വർഷം സി.ഡി.എസിന്റെ അനുമതിയോടെ എടുക്കുന്ന ബാങ്ക്
വായ്പ/ബൾക്ക് വായ്പ, മറ്റു വായ്പ എന്നിവ എടുക്കാൻ ഉദ്ദേശിക്കുന്നതും ഇപ്രകാരം നിലവിൽ വായ്പ ഉള്ളതുമായ മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും നിർബന്ധമായും പദ്ധതിയിൽ ചേർക്കണ്ടതാണ്. ഇതുവഴി
വായ്പ എടുത്ത ഒരു അംഗത്തിന്റെ വിയോഗം വായ്പ തിരിച്ചടവിനെ ബാധികാതിരിക്കാനും അംഗത്തിന്റെ കുടുംബത്തിന് ഉണ്ടാകുന്ന ബാധ്യത ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും. സി.ഡി.എസ്. തലത്തിൽ
പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരായ ബീമ മിത്ര വഴിയാണ് അയൽക്കൂട്ട അംഗങ്ങളിൽ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയിൽ പുതുതായി അംഗങ്ങളെ ചേർക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ബീമാമിത്ര വഴിയാണ്. 2025-26 വർഷത്തേക്കുള്ള
അംഗങ്ങളെ ചേർക്കൽ തുടങ്ങിക്കഴിഞ്ഞു.
- Log in to post comments