Skip to main content

പട്ടണക്കാട് മോക്ഡ്രിൽ സംഘടിപ്പിച്ചു

നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി പട്ടണക്കാട് മോക് ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ വെട്ടക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് മോക്ഡ്രിൽ നടന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലയിലെ കോടംതുരുത്ത്, പട്ടണക്കാട്, ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക് ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച മോക് ഡ്രില്ലിൽ പൊലീസ്, അഗ്നിരക്ഷ സേന, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. 

മോക് ഡ്രില്ലിന് ചേർത്തല തഹസിൽദാർ എസ് ഷീജ നേതൃത്വം നൽകി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ജാസ്മിൻ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബി ഷിബു, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, കില ദുരന്ത നിവാരണ വിദഗ്ധൻ ഡോ. എസ് ശ്രീകുമാർ, സെക്രട്ടറി സാബുമോൻ, ചേന്നം പള്ളിപ്പുറം സെക്രട്ടറി ജെ സന്തോഷ്, വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date