പഴം പച്ചകറി കയറ്റുമതിക്ക് കൂടുതല്‍ സൗകര്യമൊരുക്കണം: ജില്ലാ വികസന സമിതി യോഗം
കരിപ്പൂര്‍ വിമാനത്താവളം വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പഴം പച്ചക്കറി കയറ്റുമതി നടത്തുന്നതിനായി കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കാര്‍ഗോ കോംപ്ലക്സില്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പി അബ്ദുല്‍ ഹമീദ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഞ്ഞിപ്പുര - മൂടാല്‍ ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു. പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. റീട്ടെയ്നിങ് വാള്, ഡ്രൈനേജ് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എക്സി. എഞ്ചിനിയര്‍ അറിയിച്ചു. ഭൂമി തരംമാറ്റുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റില്‍ മലപ്പുറം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് പി ഉബൈദുല്ല എംഎല്‍എ യോഗത്തില്‍ ആരാഞ്ഞു. 28 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 20 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും എല്‍.എസ്.ജി.ഡി എക്സി. എഞ്ചിനിയര്‍ അറിയിച്ചു. 15 പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മഞ്ചേരി ബൈപാസ് തേര്‍ഡ് റീച്ച് പ്രവൃത്തിക്കായുള്ള ടെന്‍ഡര്‍ രണ്ടുദിവസത്തിനകം തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകളുടെ വിഭാഗം എക്സി. എഞ്ചിനീയര്‍, അഡ്വ. യു.എ ലത്തീഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മഴക്കാലത്തിനു മുമ്പായി ബി.എം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബജറ്റില്‍ തുക വകയിരുത്തിയ മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന് മുതല്‍ ചെരണി വരെയുള്ള റോഡ് നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൂട്ടിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും എക്സി.എഞ്ചിനീയര്‍ അറിയിച്ചു. മുള്ളമ്പാറ - കോണികല്ല് റോഡിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി - ഒലിപ്പുഴ റോഡില്‍ പാണ്ടിക്കാട് സെന്‍ട്രല്‍ ജങ്ഷന് - മേലാറ്റൂര്‍ റോഡില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ സൂചനാബോര്‍ഡുകള്‍, റിംപിള്‍ സ്ട്രിപ് എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. യുഎ ലത്തീഫ് ആവശ്യപ്പെട്ടു.
ദേശീയ പാതയിലെ കൊളത്തൂര്‍ ജങ്ഷനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള എയര്‍പോര്‍ട്ട് റോഡ് നവീകരിക്കുന്നതിന് 20 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയര്‍ അറിയിച്ചു. ടി.വി ഇബ്രാഹിം എംഎല്‍എ നല്കിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഈഴവത്തിരുത്തി ശ്മശാനം ആധുനികവത്കരിക്കുന്നതിന് ആറ് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍പ്രവൃത്തി നടത്തുമെന്നും എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി. നന്ദകുമാര്‍ നല്കിയ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ അറിയിച്ചു. സ്കൂള്‍, കോളേജ് കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നുണ്ടെന്നും കര്‍ശന പരിശോധനകള്‍ തുടരുന്നുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സ്കൂള്‍ തലത്തില്‍ 571ഉം കോളേജില്‍ 98ഉം ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. സ്കൂള്‍ പരിസരം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുന്നുണ്ട്. 2025 ല്‍ 859 റെയ്ഡുകള്‍ നടത്തി. ഇതില്‍ 108 അബ്കാരി കേസുകളും 58 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസില്‍ 101 പേരെയും എന്‍.ഡി.പി.എസ് കേസില്‍ 72 പേരെയും അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരമര്‍പ്പിച്ചാണ് വികസന സമിതി യോഗം അവസാനിപ്പിച്ചത്. യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര് വിനോദ് അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പ്രൊഫ. ആബിദ് ഹുസൈന്, അഡ്വ. യു.എ ലത്തീഫ്, പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
- Log in to post comments