Skip to main content

ജൽജീവൻ മിഷൻ: പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം-ജില്ലാ വികസന സമിതി

ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരമാവധി വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകളും കേബിളുകളുംമറ്റും വലിച്ചതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കാറില്ലെന്നും അനുമതി വാങ്ങിയല്ല പലപ്പോഴും പ്രവൃത്തി നടത്തുന്നതെന്നും യോഗത്തിൽ പരാതി ഉയർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്. ജലവിഭവ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കണമെന്നും ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി മഴക്കാലത്തിനു മുമ്പ് മണ്ഡലം തിരിച്ച് അവലോകനം നടത്തണമെന്നും നിർദേശം നൽകി.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിന് സമർപ്പിക്കപ്പെട്ട അപേക്ഷകൾ തീർപ്പാക്കുന്നതിന് താലൂക്ക് തലത്തിൽ അദാലത്ത് മാതൃകയിൽ സംവിധാനം ഒരുക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കത്തിലൂടെ ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും ലഭ്യമാക്കാതതുകാരണം എംഎൽഎ ഫണ്ടിൽനിന്ന് നിർദേശിക്കുന്ന പ്രവൃത്തികളുടെ പല പ്രവൃത്തികൾക്കും നിശ്ചിത സമയത്തിനകം ഭരണാനുമതി ലഭിക്കുന്നില്ലെന്നും എംഎൽഎ ഫണ്ട് പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദേശിച്ചു. നടാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ വനം വകുപ്പിനോട് യോഗം നിർദേശിച്ചു.

തൃപ്രങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുകയാണെന്ന് കെ.പി മോഹനൻ എം എൽ എ കത്തിലൂടെ പരാമർശിച്ചു. 2021-22 വർഷത്തെ പദ്ധതി പ്രകാരം പാട്യം പഞ്ചായത്തിലെ കടവ് സങ്കേതം റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്ട്മല സങ്കേതത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തിയും സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലുമായി ഉയർന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ജലവിഭവ വകുപ്പും, റവന്യൂ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ട് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലാ ഭരണ കൂടം നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചിരുന്ന റവന്യൂ വകുപ്പിന്റെ റീസർവ്വേ ഓഫീസ് മട്ടന്നൂർ റവന്യൂ ടവറിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്‌കൂൾ ബസുകൾക്ക് രണ്ടുവർഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ ലഭ്യമായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. എന്നാൽ ഈ അധ്യയന വർഷത്തിനു മുമ്പ് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കാലവർഷക്കെടുതി മൂലം നഷ്ടം സംഭവിച്ച വിളകൾക്ക് നഷ്ടപരിഹാര തുക ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കർഷകരിൽ നിന്നും പരാതി ലഭിക്കുന്നുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. അടുത്ത മഴക്കാലത്തിനു മുമ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.

ബസിന് പെർമിറ്റ് അനുവദിക്കാത്തത് കാരണം ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. അടുത്ത രണ്ടുമാസത്തിനുള്ളിൽ ബസ് പെർമിറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് തീർപ്പാക്കാൻ സാധിക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് ആർ ടി ഒ ക്ക് നിർദേശം നൽകി. കോർപ്പറേഷൻ പരിധിയിൽ ടൗണിൽ മോട്ടോർ വാഹന പാർക്കിംഗ് ഏരിയകൾ നിശ്ചയിച്ച് നൽകാൻ ആർടിഒ ക്ക് നിർദ്ദേശം നൽകി.

തലശ്ശേരി നഗരസഭയിലെ ബാലത്തിൽ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ നേരിട്ട് സന്ദർശിച്ചതായും ഭൂമി കൈമാറ്റ അപേക്ഷയും സാക്ഷ്യപത്രവും, അടങ്കൽ പകർപ്പും അനന്തര നടപടികൾക്കായി ജില്ലാ കലക്ടർക്കു സമർപ്പിച്ചതായും അറിയിച്ചു.

ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്പം പുഴയിൽ പാലം നിർമ്മിക്കുന്നതിനായി മണ്ണിട്ട് നികത്തിൻ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിളനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രൊപ്പോസൽ ഹെഡ് ഓഫീസിലേക്ക് അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് എൻഎച്ച്എഐ പ്രതിനിധി റിപ്പോർട്ട് ചെയ്തു.

കണ്ണൂർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പൊതുജനങ്ങൾക്ക് പൊതു ടോയ്ലറ്റ് സൗകര്യത്തിനായി കെട്ടിട നിർമ്മാണ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് നിർവഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ പറഞ്ഞു. പുതിയ റേറ്റ് റിവിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രൈസ് സോഫറ്റ് വെയർ സാങ്കേതിക ക്രമീകരണം നടക്കുന്നതിനാൽ ടെണ്ടർ അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നും നടപടികൾ അംഗീകരിച്ച 20 ദിവസത്തിനുള്ളിൽ പ്രവർത്തിയുടെ കരാർ നടപ്പാക്കാൻ സാധിക്കുമെന്നും എൻജിനീയർ അറിയിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date