Skip to main content
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖില കേരള വായനയോത്സവം സംസ്ഥാന മത്സരത്തിന്റെ സമാപന സമ്മേളനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിഉദ്ഘാടനം ചെയ്യുന്നു

അഖില കേരള വായനോത്സവം സമാപിച്ചു

മൂന്ന് ദിവസങ്ങളിലായി ധർമശാല കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അഖില കേരള വയനോത്സവത്തിന്റെ സമാപന സമ്മേളനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വായന എന്നത് പൂർണമായും നിരാകരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് നന്നായി കുറഞ്ഞു വന്നിട്ടുണ്ടെന്നും അക്ഷരങ്ങളിലേക്കും വായനയിലേക്കും നമ്മൾ തിരിച്ചു പോകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അധ്യക്ഷനായി. സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യ പ്രഭാഷകനായി. ഇന്ത്യയിൽ വായനാശീലമുള്ള ജനത ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്നും അതിന് ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെന്നും വായനാശീലമുള്ള ഒരു സമൂഹത്തിൽ ഒരു ഇടതുപക്ഷം ഉണ്ടായിരിക്കുമെന്നും എം മുകുന്ദൻ പറഞ്ഞു. വായനോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. 

ഹൈസ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾതലത്തിലും യുവജനങ്ങൾക്കും മുതിർന്നവർക്കും ഗ്രന്ഥശാല തലത്തിലും നടന്ന വായനോത്സവത്തിൽ 55 പേരാണ് സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തിയത്. ഹൈസ്കൂൾ വിഭാഗത്തിലും 16-25 പ്രായപരിധിക്കാരുടെ വിഭാഗത്തിലും ആലപ്പുഴയും 25 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മലപ്പുറവും ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ പറവൂർ ഗവ. എച്ച് എസ് എസിലെ എ അഭിനവ് കൃഷ്ണയാണ് ഒന്നാം സമ്മാനം നേടി. അഭിനവ് പഠിക്കുന്ന പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് ജയശങ്കർ സ്‌മാരക എവർറോളിങ്ങ് ട്രോഫി, ഒപ്പം അഭിനവിന് 1500 രൂപയുടെ പ്രത്യേക ക്യാഷ് അവാർഡും ലഭിക്കും. 

തിരുവനന്തപുരം ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് സ്കൂളിലെ വൈഷ്ണവ് ദേവ് എസ് നായർ രണ്ടാം സ്ഥാനവും കൊല്ലം പ്രാക്കുളം എൻ എസ് എസ് എച്ച് എസ് എസിലെ എസ് ആർ ചിത്തിര മൂന്നാം സ്ഥാനവും നേടി. 

16-25 പ്രായ പരിധിക്കാരുടെ വിഭാഗത്തിൽ ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയിലെ ജി പ്രിയങ്ക തുടർച്ചയായി രണ്ടാം തവണയും ഒന്നാമതായി. കോഴിക്കോട് നൊചാട് സമത ലൈബ്രറിയിലെ എ എൻ ഫിദ സാനിയ രണ്ടാം സംസ്ഥാനവും കൊല്ലത്തെ കുമ്മിൾ സമന്വയ ഗ്രന്ഥശാലയിലെ എസ് ഫെമിന മൂന്നാം സ്ഥാനവും നേടി. 25 വയസ്സിനുമേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മലപ്പുറം ചെമ്മാട് പ്രതിഭാ ലൈബ്രറിയിലെ ഡോ വി ആർദ്രയ്ക്കാണ് ഒന്നാം സ്ഥാനം. കോഴിക്കോട് കൂത്താളി ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിലെ ടി സുമേഷ്കുമാർ രണ്ടാം സ്ഥാനവും ആലപ്പുഴയിലെ തുറവൂർ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയിലെ ആർ സേതുനാഥ് മൂന്നാം സ്ഥാനവും നേടി. മൂന്ന് വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർക്ക് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടിയവർക്ക് 15000 രൂപയും ഫലകവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനത്തുള്ളവർക്ക് 11000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്.

 വിജയികൾക്ക് സംസ്ഥാന- ജില്ലാ -താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ ഉപഹാരങ്ങൾ കൈമാറി. 

 

 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ, പനയൽ മാസ്റ്റർ, എം കെ രമേഷ് കുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, ജില്ലാ ജോയിന്റ് പ്രസിഡന്റ്‌ വി കെ പ്രകാശിനി, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂർ താലൂക്ക് സെക്രട്ടറി എം ബാലൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date