നമുക്കൊന്ന് ഇടുക്കി ഡാമിൽ പോയാലോ... (വെർച്വൽ റിയാലിറ്റിയിലൂടെ)
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമിനെ കുറവൻ കുറത്തി മലയിടുക്കുകളിലൂടെ സഞ്ചരിച്ച് അടുത്ത് കാണാണോ? എങ്കിൽ കെ.എസ്.ഇ.ബി. യുടെ 'എന്റെ കേരളം' പ്രദർശന വിപണമേളയിലെത്തിയാൽ മതി.
വെർച്വൽ റിയാലിറ്റിയുടെ സഹായത്താൽ നിങ്ങളെ ഇടുക്കി ഡാമിൽ കൊണ്ട് പോകും.
839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ നിർമ്മിച്ച ഇടുക്കി ഡാമിന്റെ മുകൾഭാഗം വരെ വെർച്വൽ റിയാലിറ്റിയിലൂടെ പോയി കാണാം. പെരിയാറിനു കുറുകെ നിർമിച്ച അണക്കെട്ടും വൃഷ്ടി പ്രദേശവും ജലവൈദ്യുത പദ്ധതിയും കണ്ട് മനസ്സിലാക്കാം. 1976 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മിഷൻ ചെയ്ത ഡാമിന്റെ ചരിത്ര വിശേഷങ്ങളും മനസ്സിലാക്കാം. നാലുമിനിട്ട് നീണ്ടു നിൽക്കുന്നതാണ് വെർച്വൽ റിയാലിറ്റി വിശദാംശങ്ങൾ.
കെ.എസ്.ഇ.ബിയുടെ വരാനിരിക്കുന്ന പുതിയ പ്രോജക്ടായ പി.എസ്.എച്ച് (പമ്പ് സ്റ്റോറേജ് ഹൈഡ്രോപവർ) മാതൃകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. വൈദ്യുതിക്കുവേണ്ടി ബാറ്ററി പോലെ പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യായാണിത്. ഓഫ് പീക്ക് മണിക്കൂറുകളിൽ താഴെയുള്ള ജലശയത്തിൽനിന്നു മുകളിലുള്ള ജലാശയത്തിലേക്ക് വെള്ളം പമ്പ് ചെയ്ത്, പിന്നീട് വൈദ്യുതി ആവശ്യകത കൂടുമ്പോൾ ആ വെള്ളം തിരികെ ഒഴുക്കി ടർബൈനുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും.
കൂടാതെ കേരളത്തിന്റെ വൈദ്യുതി മേഖലയും ജലവൈദ്യുത പദ്ധതിയും അണക്കെട്ടുകളും കെ.എസ്.ഇ.ബി. യുടെ പരാതി പരിഹാരനമ്പർ വരെ കോർത്തിണക്കിയ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് അപ്പോൾത്തന്നെ സമ്മാനവും കിട്ടും.
- Log in to post comments