മേളയെ സുന്ദരമാക്കി ഹരിത കർമസേനാംഗങ്ങൾ... 24 മണിക്കൂറും സജ്ജം
എന്റെ കേരളം പ്രദർശന മേളയെ കൂടുതൽ അഴകുള്ളതാക്കുന്നതിൽ ഹരിതകർമ്മസേനാംഗങ്ങളുടെ പങ്ക് വലുത്. ഒരു പേപ്പർ കക്ഷണം പോലും നിലത്ത് കിടക്കാതെ പരിസര ശുചീകരണം വൃത്തിയോടെയാണ് ഇവർ നടത്തുന്നത്. കോട്ടയം നഗരസഭയിലെ 10 ഹരിതകർമ്മ സേനാംഗങ്ങളും അഞ്ച് സാനിറ്റേഷൻ തൊഴിലാളികളുമാണ് മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. രാവിലെ ഒൻപത് മുതൽ മൂന്ന് വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ടു വരെയും രണ്ട് ഷിഫ്റ്റുകളായാണ് ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനം. രാത്രി എട്ട് മുതൽ മേള അവസാനിക്കുന്ന സമയം വരെ സാനിറ്റേഷൻ തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ അൻപതോളം വേസ്റ്റ് ബിന്നുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മേളയിലെ മാലിന്യങ്ങൾ രാവിലെ തന്നെ നഗരസഭ നീക്കം ചെയ്യുകയും അജൈവ മാലിന്യങ്ങൾ എം.സി. എഫുകളിലേക്കും ആർ.ആർ.എഫുകളിലേക്കും മാറ്റുകയും ചെയ്യും.
- Log in to post comments