വിദ്യാഭ്യാസ മുന്നേറ്റത്തിലേക്ക് വഴിതുറന്ന് എസ്.എസ്.കെ പദ്ധതികള്‍
സമഗ്ര ശിക്ഷ കേരള പദ്ധതിയിലൂടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുമായി ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഒമ്പത് വര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാ പദ്ധതികള്‍. ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ബഡ്ഡിങ് റൈറ്റേഴ്സ്, സുരീലി ഹിന്ദി, മീഠി മലയാളം, അഹ്ലന് അറബിക് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ശാസ്ത്രപഠനം ലക്ഷ്യമാക്കി സയന്‍സ് കിറ്റുകള്‍ വിതരണം ചെയ്യുകയും ശാസ്ത്രപഥം, ടിങ്കറിങ് ലാബ്, ഗണിതലാബ്, ശാസ്ത്ര-സാമൂഹികശാസ്ത്ര ലാബുകള്‍, വെതര്‍സ്റ്റേഷനുകള്‍ എന്നിവയൊരുക്കുകയും ചെയ്തു. ഗണിതശാസ്ത്ര പഠനത്തിനായി ഉല്ലാസഗണിതം, ഗണിതവിജയം തുടങ്ങിയ പരിപാടികളും ശ്രദ്ധനേടി. സ്കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കുന്നതിനുള്ള ഫണ്ട് നല്‍കിയതിന് പുറമെ വായനാ പരിപോഷണ പരിപാടികളും നടന്നുവരുന്നു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും സാമൂഹികമായും മറ്റും പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കുമായി പ്രതിഭാ കേന്ദ്രങ്ങള്‍, സ്കഫോള്‍ഡ്, സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍, ഓട്ടിസം സെന്ററുകള്‍ എന്നിവയൊരുക്കി. സംസ്ഥാന സര്‍ക്കാറിന്റെ ഉള്‍ചേര്‍ക്കല്‍ നയത്തിന്റെ ചുവടുപിടിച്ച് 100 ശതമാനം കുട്ടികളെയും സ്കൂളുകളിലെത്തിക്കാനുള്ള പ്രത്യേക പരിശ്രമങ്ങള്‍ ഇക്കാലയളവില്‍ നടത്തി. മെഡിക്കല്‍ ക്യാമ്പുകള്‍, സഹായ ഉപകരണ വിതരണം, കിടപ്പിലായവര്‍ക്ക് ഡയപ്പര്‍, വാട്ടര്‍ബെഡ്, തെറാപ്പിമാറ്റ് വിതരണം, ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സുകള്‍, ഗേള്‍സ് സ്റ്റൈപ്പന്റ്, റീഡര്‍ അലവന്‍സ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ അക്കാദമിക പിന്തുണ എന്നിവ ഉറപ്പാക്കിവരുന്നു.
ശാരീരിക-മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും വിദ്യാലയ അനുഭവം നല്കാവുന്ന വിധത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനും നടപടി സ്വീകരിച്ചു. വെര്‍ച്വല്‍ ക്ലാസ് റൂം, സമപ്രായക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യാലയ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ചങ്ങാതിക്കൂട്ടം, കിടപ്പിലായ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വിദ്യാലയനുഭവങ്ങള്‍ പങ്കുവെക്കുന്ന 'സ്പെയ്സ്' സെന്ററുകള്‍, അധിക പിന്തുണയ്ക്ക് സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍ എന്നീ സൗകര്യങ്ങളും ചെയ്തുവരുന്നു.
സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂതന തൊഴിലധിഷ്ഠിത പുനരധിവാസ പരിശീലന പദ്ധതി, നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ പ്രകാരമുള്ള ജോബ് റോളുകളില്‍ റസിഡന്‍ഷ്യല്‍ പരിശീലനം, കാഴ്ച, കേള്‍വി, ബുദ്ധിപരമായ പരിമിതി എന്നിവക്ക് അനുബന്ധ കോഴ്സുകള്‍, എക്സ്പര്‍ട്ട് ഇന്ററാക്ഷന് സെഷനുകള്‍, ഓണ്‍ ദ ജോബ് ട്രെയിനിങ്, പ്ലേസ്മെന്റിനുള്ള പിന്തുണ എന്നിവ നിര്‍വഹിച്ചുവരുന്നു.
ജില്ലയിലെ 16 ഓട്ടിസം സെന്ററുകളിലായി ഫിസിയോ, സ്പീച്ച്, ഒക്യുപ്പേഷണല്‍ തെറാപ്പി സേവനങ്ങള്‍, ഐ.ഇ.പി വ്യക്തിഗത-ഗ്രൂപ്പ് പരിശീലനങ്ങള്‍, സെന്‍സറി ഏരിയ, അക്കാദമിക പിന്തുണ സംവിധാനം, ശേഷീവികാസത്തിനുള്ള വിവിധ പരിപാടികള്‍, രക്ഷിതാക്കള്‍ക്കുള്ള ശാക്തീകരണ പരിപാടി, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും ആയമാരുടെയും സേവനം, ഓട്ടിസം സപ്പോര്‍ട്ടിങ് കമ്മിറ്റി എന്നിവ ഒരുക്കുന്നു.
ജില്ലയിലെ കാഴ്ച പരിമിതരായ 100 കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷി കുട്ടികള്‍ക്കായി ബീറ്റ്സ് എന്ന പേരില്‍ നടത്തിയ നീന്തല്‍ പരിശീലനം കോഴിക്കോടിന്റെ സവിശേഷ പദ്ധതിയാണ്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍പ്പെടുത്തി 'മല്‍ഹാര്‍' ഗാനമേള ട്രൂപ്പ് രൂപീകരിച്ച് നിരവധി പരിപാടികള്‍ നടത്തി. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ ജില്ലയില്‍നിന്ന് 120 കുട്ടികള്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കുസാറ്റുമായി ചേര്‍ന്ന് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്കുന്ന 'ക്രിയേറ്റീവ് കോര്‍ണറുകള്‍' യു.പി വിഭാഗത്തിലായി 27 കേന്ദ്രങ്ങളില്‍ നടത്തിവരുന്നു. ആറ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്റൂം പഠനത്തോടൊപ്പം ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ത്രീഡി പ്രിന്റിങ്, കോഡിങ്, സെന്‍സര്‍ ടെക്നോളജി മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ ആറ് വിദ്യാലയങ്ങളില്‍ ടിങ്കറിങ് ലാബുകള്‍ ആരംഭിച്ചു.
പ്രദേശത്തിന്റെ ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഭൂമിശാസ്ത്രം വിഷയമാക്കിയിട്ടുള്ള 18 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 'വെതര്‍ സ്റ്റേഷനുകള്‍' ആരംഭിച്ചു. മഴമാപിനി, തെര്‍മോമീറ്റര്‍, വെറ്റ് ആന്‍ഡ് ഡൈ ബള്‍ബ് തെര്‍മോമീറ്റര്‍, വിന്റ് വെയിന്‍, കപ്കൗണ്ടര് അനിമോ മീറ്റര്‍ തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കുന്നതിനായി ജില്ലയില്‍ 23 സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ ആരംഭിച്ചു. ഓരോ സെന്ററിനും 21.5 ലക്ഷം രൂപ വീതം ആകെ 4.94 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഒരു വിദ്യാലയത്തില്‍ രണ്ട് കോഴ്സുകളിലായി 25 കുട്ടികള്‍ക്ക് വീതം പഠിക്കാനാകും. 23 ന്യൂജെന്‍ കോഴ്സുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ 1,150 കുട്ടികള്‍ക്ക് ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കാം.
ഭാഷ, ഗണിതം, ശാസ്ത്രം, ടെക്നോളജി, കളിയിടം, അകം കളിയിടം, സംഗീതം, വര തുടങ്ങി പ്രീ പ്രൈമറി കുട്ടികള്‍ക്ക് 13 വികാസ മേഖലകളെ ലക്ഷ്യമാക്കി വര്‍ണക്കൂടാരം പദ്ധതി ജില്ലയിലെ 79 പ്രീ-പ്രൈമറി സ്കൂളുകളില്‍ ആരംഭിച്ചു. ഇതിനായി സ്കൂളിന് 10 ലക്ഷം രൂപ വീതം 7.9 കോടി രൂപ അനുവദിച്ചു. അക്കാദമിക പിന്തുണയ്ക്ക് കളിത്തോണി പാഠപുസ്തകവും കളിപ്പാട്ടം അധ്യാപിക സഹായിയും നല്കി.
പൊതുവിദ്യാലയങ്ങളില്‍ അക്കാദമിക ഗുണനിലവാരം ഉറപ്പാക്കുന്നതിന് 'സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി സവിശേഷ ക്യാമ്പയിനുകള്‍, പഠനോത്സവങ്ങള്‍, പൊതുസമൂഹത്തിന്റെയും വിദ്യാലയ സമിതികളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കല്‍, മൂല്യനിര്‍ണയ രീതികളിലെ പരിഷ്കരണം, കാര്യക്ഷമമായ എസ്.ആര്.ജികള് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിവരുന്നു.
ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുള്ള സംവിധാനം, കുടുംബശ്രീ മുഖേന വനിത ക്ഷീരകര്‍ഷകര്‍ക്ക് പാലുല്പന്നങ്ങളുടെ സംസ്കരണ പരിശീലനം, പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന വിവിധ സേവനങ്ങള്‍ക്ക് തൊഴില്‍ പോര്‍ട്ടല്‍ അപ്ലിക്കേഷന്‍, വീടുകളില്‍ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട അവബോധം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിന് പ്ലാനുകളും മറ്റും തയ്യാറാക്കി നല്കല്, സ്കൂള്‍ കുട്ടികളുടെ അമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത നല്കല്, പെണ്‍കുട്ടികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, സ്കൂളുകളില്‍ ഉല്പന്നങ്ങള് നിര്‍മിച്ച് സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുന്ന സ്കില്‍ ടു വെന്‍ച്യുര്‍ പദ്ധതി തുടങ്ങിയവയും വിവിധ സ്കൂളുകള്‍ വഴി സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നു.
- Log in to post comments