റവന്യൂ റിക്കവറി: സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു
2024-25 സാമ്പത്തിക വർഷത്തെ റവന്യൂ റിക്കവറിയിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവിൽ ശതമാനടിസ്ഥാനത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ വി.ആർ. വിനോദ് വിതരണം ചെയ്തു.
95 ശതമാനം റിക്കവറി പൂർത്തിയാക്കാൻ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 20 കോടി രൂപയുടെ അധിക പിരിവാണ് ഇത്തവണ നടന്നത്. ജില്ലയിലെ എക്കാലത്തെയും മികച്ച കളക്ഷൻ ആണ് ഈ വർഷം നടന്നിട്ടുള്ളത്. കെട്ടിടനികുതി പിരിവിൽ 99 ശതമാനവും ആഡംബര നികുതി പിരിവിൽ 98.50 ശതമാനവും പിരിച്ചെടുക്കാനായി.
റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയിൽ 100 ശതമാനം എത്തിച്ച പെരിന്തൽമണ്ണ തിരൂരങ്ങാടി താലൂക്കുകൾ റോളിംഗ് ട്രോഫി സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച തിരൂർ, ഏറനാട്, നിലമ്പൂർ കൊണ്ടോട്ടി ,പൊന്നാനി താലൂക്കുകൾക്ക് മൊമെൻ്റോകൾ വിതരണം ചെയ്തു.
92.5 ശതമാനത്തോടെ 27 കോടി കളക്ഷൻ കൈവരിച്ച ജില്ലയും മുൻപന്തിയിൽ എത്തിക്കുന്നതിന് പ്രയത്നിച്ച കെഎസ്എഫ്ഇ പാലക്കാട് ,93.6 ശതമാനം കളക്ഷൻ കൈവരിച്ച കെ എഫ് സി എന്നിവർക്കും മൊമെൻ്റോ വിതരണം ചെയ്തു. ഇതോടൊപ്പം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച താലൂക്ക് താഹസിൽദാർമാർ , ആർ. ആർ. ഡെപ്യൂട്ടി തഹസിൽദാർമാർ, കെ. ബി. ടി.ഡെപ്യൂട്ടി തഹസിൽദാർമാർ , ആർ. ആർ. കെ. ബി. ടി. സെക്ഷൻ ക്ലർക്കുമാർ, കെഎസ്എഫ്ഇ ,കെ എഫ് സി ഡെപ്യൂട്ടി തഹസിൽദാർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പരിപാടിയിൽ ജില്ലാ കളക്ടർ വി ആർ വിനോദ്, എ.ഡി.എം എൻ എം മെഹറലി, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ. ലത, വിവിധ താലൂക്ക് തഹസിൽദാർമാർ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments