സര്‍ക്കാറിന്റെ നാലം വാര്‍ഷികം: 'എന്റെ കേരളം' പ്രദര്‍ശന വിപണ മേള: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ മെയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന മേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നില്‍ ഇതിനായുള്ള പവലിയനുകളുടെ നിര്‍മ്മാണം തുടങ്ങി. ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരാഴ്ചത്തെ മെഗാ മേള സംഘടിപ്പിക്കുന്നത്. കിഫ്ബിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശന നഗരിയിലെ പന്തല്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ വകുപ്പുകള്‍ മേളയുമായി ബന്ധപ്പെട്ട് നടത്തിയ തയാറെടുപ്പുകള്‍ അവലോകനം ചെയ്തു. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി മേളയിലെ സ്റ്റാളുകള്‍ വൈവിധ്യ പൂര്‍ണമാക്കാന്‍ യോഗം തീരുമാനിച്ചു.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ എന്റെ കേരളം പ്രദര്‍ശന പവലിയനിലൂടെയാണ് മേളയിലേക്കുള്ള പ്രവേശനം. 78 സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതപമേഖലാ സ്ഥാപനങ്ങളുടെയും 150 ഓളം തീം സ്റ്റാളുകളും 50 വിപണന സ്റ്റാളുകളും മേളയില്‍ സജ്ജീകരിക്കും. ഇതുകൂടാതെ കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, സ്പോര്‍ട്സ്, കാര്‍ഷിക വകുപ്പുകളുടെ പ്രത്യേക പവലിയനുകളും 1500 ചതുരശ്ര അടിയില്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ ഒരുക്കുന്ന തീയേറ്ററും സജ്ജീകരിക്കും. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഭക്ഷ്യ മേളയും നടക്കും. കൃഷ് വകുപ്പിന്റെ പുഷ്പ- സസ്യ പ്രദര്‍ശന- വിപണന മേളയും വിവധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും നടക്കും.
മെയ് ഏഴു മുതല്‍ 13 വരെ എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാകാരന്‍മാര്‍ നയിക്കുന്ന സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശന ദിവസം കോട്ടക്കുന്നിലേക്കുള്ള ഡി ടി പി സി യുടെ പ്രവേശന ടിക്കറ്റ് ഒഴിവാക്കും. വിപുലമായ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും. മികച്ച സ്റ്റാള്‍, വാര്‍ത്താ കവറേജ്, ഫുഡ് കോര്‍ട്ട് എന്നിവയ്ക്കുള്ള അവാര്‍ഡുകളും നല്‍കും. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും മെയ് ഏഴിന് വൈകുന്നേരം മൂന്നിന് കോട്ടക്കുന്നില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.
ഇതുകൂടാതെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും വിവിധ മേഖലകളിലെ പ്രമുഖരും സംബന്ധിക്കുന്ന, മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് 12ന് രാവിലെ 10.30 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. മെയ് 13ന് വൈകുന്നേരം നാലിനാണ് സമാപന സമ്മേളനം.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി. നന്ദകുമാര്‍, കെ.ടി. ജലീല്‍, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി അനില്‍, സബ് കളക്ടര്‍ ദിലീപ് കൈനിക്കര, അഡീഷണല്‍ എസ്.പി ഫിറോസ് എം ഷെഫീഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments