കൊടിയിറങ്ങി, കോട്ടയം കണ്ട മഹാമേളയ്ക്ക് * എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
ഏഴുനാള്‍ കോട്ടയം വികസനകേരളത്തെ തൊട്ടറിഞ്ഞു. കേരളത്തിന്റെ വികസന മുന്നേറ്റം നേരിട്ടറിയാന്‍ അവസരം ഒരുക്കി നാഗമ്പടം മൈതാനത്തു നടന്നുവന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മേളയിലൂടെ സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാനായി.
വികസന നേട്ടങ്ങള്‍ അറിയുന്നതിനൊപ്പം സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളേക്കുറിച്ചും സമഗ്ര മേഖലയിലും കേരളം കൈവരിച്ച അതിവേഗ വികസനത്തേക്കുറിച്ചും ഒറ്റയിടത്തു നിന്നറിയാനായി, ഈ മേളയിലൂടെ.
മേള കാണാനെത്തിയവരെ സ്വാഗതം ചെയ്ത ഏഴു പവലിയനുകള്‍ നവകേരളത്തിന്റെ മുഖം പ്രതിഫലിപ്പിച്ച കണ്ണാടിയായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയന്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ ലളിതമായും സമഗ്രമായും ജനങ്ങളിലെത്തിക്കുന്നതായി.
വികസന മുന്നേറ്റത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ നല്‍കുന്ന കിഫ്ബി, കേരളപ്പെരുമ രാജ്യാന്തര തലത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ടൂറിസം വകുപ്പ്, പാലങ്ങളിലൂടെയും ആധുനിക നിലവാരത്തിലുള്ള റോഡുകളിലൂടെയും കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പൊതുമരാമത്തുവകുപ്പ്, കായിക മേഖലയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ കായിക വകുപ്പ്, തൊഴില്‍, സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങളവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് മിഷന്‍, കൃഷി വിജ്ഞാന വ്യാപനത്തിലൂടെയും ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെയും കാര്‍ഷിക മേഖല അടിമുടി മാറ്റിയ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ മറ്റു പവലിയനുകള്‍ നവകേരള സങ്കല്‍പ്പത്തെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കി.
ഏഴ് ദിവസവും വന്‍ ജനത്തിരക്കാണ് മേളയില്‍ അനുഭപ്പെട്ടത്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുണ്ടായിരുന്നത്.
45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള ഒരുക്കിയത്.
കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, വിവിധ മേഖലകളിലുള്ളവരുടെയും സവിശേഷപരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായിക-വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന്‍ ടൂറിസം പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്‌കൂള്‍ മാര്‍ക്കറ്റ്, കായിക-വിനോദ പരിപാടികള്‍, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമായി. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കി.
ദിവസവും വൈകുന്നേരം നടന്ന കലാ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്ന് കോട്ടയംകാരുടെ മനസ്സ് കീഴടക്കി.
- Log in to post comments