Skip to main content

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഭിന്നശേഷി കലാകാരന്മാരും

*അനുയാത്ര റിഥം കലാപ്രകടനം മെയ് 9ന്

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഭിന്നശേഷി കലാകാരന്മാരുടെ കലാപ്രകടനവും. മേളയുടെ മൂന്നാം ദിനമായ മെയ്‌ ഒമ്പതിന് ഉച്ചയ്ക്ക് 3.30 നാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ 'അനുയാത്ര റിഥം: ഗാലക്സി ഓഫ് സ്റ്റാർസ് വിത്ത് ഡിഫറൻസ്' കലാസന്ധ്യ സംഘടിപ്പിക്കുന്നത്.
പാട്ട്, ഡാൻസ്, ഇൻസ്‌ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, സ്‌കിറ്റ് എന്നിവയാണ് റിഥം ഷോയിൽ അരങ്ങേറുന്നത്. സംസ്ഥാനത്തെ ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വരുമാനം കണ്ടെത്തി കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. 
സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനും (കെഎസ്എസ്എം) കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) ചേർന്നാണ് കലാകാരന്മാരെ കണ്ടെത്താനുള്ള സ്ക്രീനിംഗ് സംഘടിപ്പിച്ചത്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച ടാലന്റ് സെർച്ച്‌ ഫോർ യൂത്ത് വിത്ത്‌ ഡിസെബിലിറ്റീസ്‌ സ്ക്രീനിങ്ങിലൂടെ കാലടി സംസ്കൃത സർവകലാശാലയിലെ വിഷയവിദഗ്ധരാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 13 കലാകാരന്മാർ ബീച്ചിൽ ഒരുക്കിയിട്ടുള്ള എൻ്റെ കേരളം വേദിയിൽ പ്രകടനം നടത്തും.
(പി ആർ/ എ എൽ പി/1254)

date