Skip to main content

വെളിയനാട് ഉപജില്ലയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെളിയനാട് ഉപജില്ലയിൽ ലഹരി വിരുദ്ധ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 'വിമുക്തി' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കിടങ്ങറ ഗവ. എച്ച്എസ്എസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിൻ 'ജീവിതമാണ് ലഹരി, സ്പോർട്സ് ആണ് ലഹരി' പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ 72 പഞ്ചായത്തുകളിലെ സ്കൂളുകളിലും ലഹരി വിരുദ്ധ കാമ്പയിനുകളും പഞ്ചായത്തുകളിൽ കുട്ടികൾക്കായി ബാലോത്സവങ്ങളും സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു. ഒരു പഞ്ചായത്തിൽ നാല് ബാലോത്സവം എന്ന രീതിയിലാണ് നടത്തുന്നത്. 11 ഉപജില്ലകളിലായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി സ്കൂളുകളിൽ  പ്രത്യേക യോഗം, വീടുകളിലെത്തി ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുമെന്നും  എം വി പ്രിയ പറഞ്ഞു. 

വിമുക്തി ലഹരി വിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ പരിപാടിയിൽ വ്യക്തമാക്കി. 73 പേർ പങ്കെടുത്തു. കുട്ടനാട്  താലൂക്ക് സിവിൽ എക്സൈസ്  ഓഫീസർ പി കെ അനീഷ് ക്ലാസ് നയിച്ചു. കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ദീപ, ഉപജില്ലാ എച്ച്എം ഫോറം കൺവീനർ വിനീത, കാവാലം ടെക്നിക്കൽ ഹൈസ്കൂൾ സുപ്രണ്ട് കിരൺ, പ്രഥമാധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി ആർ/ എ എൽ പി/1255)

date