കേരളത്തിന്റെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകം: എച്ച് സലാം എംഎൽഎ
കേരളത്തിലെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ 'മാറുന്ന കാലം, മാറേണ്ട കൃഷിരീതി' എന്ന വിഷയത്തിൽ
സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കേരളം മേളയിലെ ആദ്യ സെമിനാറാണ് നടന്നത്.
കാർഷിക മേഖലയിൽ സാങ്കേതികവിദ്യ ഏതൊക്കെ രീതിയിൽ ഉൾപ്പെടുത്താമെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ഇതിലൂടെ കാർഷിക മേഖലയുടെ മുന്നേറ്റവും സാധ്യമാകും. കേരളത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുകയും കൃഷികൂട്ടങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
'കാലാവസ്ഥാനുസൃത കൃഷി രീതികൾ' എന്ന വിഷയത്തിൽ ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി മുരളീധരൻ വിഷയാവതരണം നടത്തി.
'ഫാം ടൂറിസം' എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാന കേന്ദ്രം സീനിയർ ശാസ്ത്രജ്ഞയും ഹെഡ്ഡുമായ ഡോ. ജി ജയലക്ഷ്മി വിഷയാവതരണം നടത്തി. നഗരസഭാംഗം എൽജിൻ റിച്ചാർഡ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ഇ ആൻഡ് ടി ഡെപ്യൂട്ടി ഡയറക്ടർമായ എൻ ഗോപാലകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. (പി.ആർ/എഎൽപി/1265)
- Log in to post comments