എന്റെ കേരളം; എ ഐ സാധ്യതകളും റോബോട്ടിക് എക്സ്പോയുമായി കൈറ്റ് സ്റ്റാള്‍
കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കാണികളില്‍ കൗതുകമുണര്‍ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റില്‍ കൈറ്റ്സ് സ്റ്റാള്‍.
ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളും സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഗെയിം സോണുകളുമാണ് സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണം. എല്ലാ സംശയങ്ങള്‍ക്കും ഏത് ഭാഷയിലും മറുപടി തരുന്ന റോബോ എന്ന വോയിസ് അസിസ്റ്റന്റ് സ്റ്റാളിലെ മറ്റൊരു താരമാണ്.
മണ്ണിന്റെ ഈര്‍പ്പനില സമയബന്ധിതമായി നിരീക്ഷിക്കുന്ന പ്ലാന്റ് മോണിറ്ററിങ് സിസ്റ്റം സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്. ചെടിയ്ക്ക് അനുയോജ്യമായി കോഡ് ചെയ്ത വെളളത്തിന്റെ അളവ് വേണ്ടതിലും താഴെയായാല്‍ ഓട്ടോമാറ്റിക്കായി പമ്പ് ചെയ്ത് വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ബ്ലൂടൂത്തിന്റെ സഹായത്തോടുകൂടി സ്മാര്‍ട്ട് ഫോണ്‍ വഴി പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫൈറ്റിങ്ങ് റോബോട്ടും ആളുകള്‍ക്ക് പുതിയൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ഫയര്‍ ഫൈറ്റിങ്ങ് മേഖലകളില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരമെന്ന നിലയില്‍ ഏറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ചാണ് ഫയര്‍ ഫൈറ്റിങ്ങ് റോബോട്ടിനെ നിര്‍മിച്ചിട്ടുള്ളത്. സൗജന്യമായി പുതിയ ഉബുണ്ടു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. മേള 14 ന് അവസാനിക്കും.
- Log in to post comments