Skip to main content

നെൽവിത്തുകളായ രക്തശാലിയും, മുള്ളൻ ചന്നയും വരെ: കാർഷിക കേരളത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തി എൻ്റെ കേരളത്തിലെ കാർഷിക സർവകലാശാല സ്റ്റാൾ

പുതിയതും പഴയതുമായ നൂറിലേറെ നെൽവിത്തുകൾ ഒരുമിച്ച് കാണാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനുമുള്ള അപൂർവ്വ അവസരം ഒരുക്കുകയാണ് എന്റെ കേരളം പ്രദർശന വിപണനമേളയിലെ കേരള കാർഷിക സർവകലാശാല സ്റ്റാൾ. ഒരു വയസ്സ് മാത്രം പ്രായമായ നെൽവിത്തുകളായ ആദ്യയും പുണ്യയും മുതൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രക്തശാലിയും, മുള്ളൻ ചന്നയും വരെ ഇക്കൂട്ടത്തിലുണ്ട്. 

പുതു തലമുറ കണാനിടയില്ലാത്ത മാരതോണ്ടി, തവളക്കണ്ണൻ, കരിനെല്ല്, പൊന്നാര്യൻ, ഗൗരി തുടങ്ങി പരമ്പരാഗതവും പുതിയതുമായ നൂറിലേറെ നെൽവിത്തുകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒപ്പം കുട്ടനാട്ടിലെയും കോൾനിലങ്ങളിലെയും വെള്ളം വറ്റിക്കാൻ പണ്ടുകാലംമുതൽ ഉപയോഗിച്ചുവന്ന പെട്ടിയും പറയും,  മരത്തിൽ തീർത്ത ജലചക്രം, നെല്ലളക്കാൻ ഉപയോഗിച്ചിരുന്ന നാഴിയുമെല്ലാം കാഴ്ചക്കാരിൽ പഴയ കാർഷിക കേരളത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തും. 

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, ഓണാട്ടുകര ഗവേഷണ കേന്ദ്രം  എന്നിവിടങ്ങളിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദനശേഷിയുള്ള നെല്ല്, എള്ള് ഇനങ്ങളും, ഭൗമസൂചിക പദവി ലഭിച്ച തിളക്, തിലതാര, തിലറാണി, കായംകുളം -1 തുടങ്ങിയ എള്ളിനങ്ങളും നേരിൽ കാണാം. ഇവയുടെ കൃഷി, പരിപാലനം, ഗുണങ്ങൾ തുടങ്ങിയവ വിവരിക്കുന്ന ബോർഡുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സംശയങ്ങൾക്ക്‌ മറുപടി നൽകുവാൻ ഉദ്യോഗസ്ഥരുമുണ്ട്. വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, വളങ്ങൾ, സൂക്ഷ്മ മൂലക മിശ്രിതങ്ങൾ, കീടങ്ങളെ തുരത്താനുള്ള വീഡ് വൈപ്പർ, അഞ്ചുവർഷത്തിൽ കായ്ക്കുന്ന തെങ്ങ് തുടങ്ങിയവ സ്റ്റാളിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്.

date