ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഗര്‍ഭധാരണത്തെ ബാധിക്കുന്നു: ആയുര്‍വേദ വകുപ്പ് സെമിനാര്‍
ഗര്‍ഭധാരണത്തിനുള്ള മുന്‍ കരുതലുകളെക്കുറിച്ചും ആരോഗ്യകരമായ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് ആയുര്‍വേദ വകുപ്പിന്റെ സെമിനാര്‍. കോട്ടക്കുന്നില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ആയുര്‍വേദ വകുപ്പ് സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡോ. കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷാനവാസ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഡോ. നീത സുരേന്ദ്രന്‍ ക്ലാസെടുത്തു. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും വ്യായാമക്കുറവും ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ഗര്‍ഭധാരണത്തെ ബാധിക്കുകയും ചെയ്യും. തത്ഫലമായി അനാരോഗ്യവും ശാരീരികപരിമിതിയുമുള്ള കുട്ടികള്‍ ജനിക്കാന്‍ ഇടയാക്കിയേക്കാം. ഗര്‍ഭധാരണത്തിന് ശാരീരികമായും മാനസികമായുള്ള തയ്യാറെടുപ്പുകള്‍ അവശ്യമാണ്. ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അത് എത്രയും വേഗം ചികിത്സിക്കുകയും വേണം. ശരിയായ ഗര്‍ഭധാരണത്തിന് നല്ല സന്തോഷമുള്ള മനസ് ആവശ്യമാണ്. ഇതിന് വീട്ടിലുള്ളവര്‍ അനുകൂല സാഹചര്യമൊരുക്കണം. പുതുതലമുറ ഗര്‍ഭധാരണത്തോട് വിമുഖത കാണിക്കുന്നുണ്ടെന്നും ഇത് ബോധവത്കരണത്തിലൂടെ മറികടക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡോ.പി നൗഫല്‍ സ്വാഗതവും ഡോ. വി ബിജോയി നന്ദിയും പറഞ്ഞു. ഡോ.കെ ടി മുഷ്താഖ് സംസാരിച്ചു.
- Log in to post comments