Skip to main content

കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ ഹജ്ജ് ക്യാമ്പിലെത്തിയ അദ്ദേഹത്തെ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, മക്കയിലും മദീനയിലും ഒരുക്കിയിട്ടുള്ള താമസം, അനുബന്ധ സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരുടെ താമസ കേന്ദ്രങ്ങള്‍ പരമാവധി ഒരേ മുത്വവിഫിനു കീഴിലാക്കുന്നത്, പുരുഷ, വനിതാ തീര്‍ത്ഥാടകര്‍ക്ക് റൂമുകളില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നത്, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാന്‍ കൂടിക്കാഴ്ചയില്‍ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ത്ഥാടകര്‍ക്ക് വിവിധ സമയങ്ങളിലായി നല്‍കി വരുന്ന പരിശീലന പരിപാടികളിലും ഹജ്ജ് ക്യാമ്പുകളുടെ മികവുറ്റ സംഘാടനത്തിലും സി.ഇ.ഒ സന്തുഷ്ടി രേഖപ്പെടുത്തി. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി അംഗം അഷ്‌കര്‍ കോറാട്, അസി.സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ്, യൂസുഫ് പടനിലം സംബന്ധിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ന് പുറപ്പെട്ട ഐ.എക്സ് 3033 നമ്പര്‍ വിമാനത്തിലെ തീര്‍ത്ഥാടകര്‍കുള്ള യാത്രയയപ്പ് സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഏതെങ്കിലും സാഹചര്യത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ലഗേജ് നിയന്ത്രണത്തില്‍ എല്ലാവരും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഹജ്ജ് വേളയില്‍ എല്ലാവരുടേയും പ്രാര്‍ഥനയുണ്ടാവണമെന്നും സി.ഇ.ഒ ഓര്‍മപ്പെടുത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ പദവിയിലെത്തുന്ന ആദ്യ മലയാളിയും എ.എ.എസ് ഉദ്യോഗസ്ഥനുമാണ് സി. ഷാനവാസ്. 2012 ബാച്ച് നാഗാലാന്‍ഡ് കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം 2025 മാര്‍ച്ച് അഞ്ചിനാണ് സി.ഇ.ഒ ചുമതലയേറ്റടുത്തത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.

date