Skip to main content
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് ഒരുക്കിയ ജലഹർഷം- 2025 സാങ്കേതിക സെമിനാർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

സമൃദ്ധിയിലേക്കൊഴുകട്ടെ ജലാശയങ്ങള്‍; ശ്രദ്ധേയമായി 'ജലഹര്‍ഷം 2025' സെമിനാര്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി 
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 'ജലഹര്‍ഷം 2025' സെമിനാര്‍ ശ്രദ്ധേയമായി. പരിപാടി ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും സമൃദ്ധമായ ജലാശയങ്ങളുള്ള നാടായിട്ടും സംസ്ഥാനം വേനല്‍ക്കാലത്ത് ജലക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യവും നേരിടുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവതരമായി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകള്‍, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍  റിസോഴ്‌സ് പ്രൊജക്ടുകള്‍  പരിചയപ്പെടുത്തി. കേരള വാട്ടര്‍ അതോറിറ്റിയിലെയും ഗ്രൗണ്ട് വാട്ടര്‍, ഇറിഗേഷന്‍ വകുപ്പുകളിലെയും വിദഗ്ധര്‍ അടങ്ങുന്ന പാനല്‍ പ്രോജക്ടുകള്‍ വിലയിരുത്തി. വിജയികൾക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം  ചെയ്തു.

രണ്ടാം സെഷനില്‍ വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മൂന്ന് മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തിയ പെന്‍സില്‍ ഡ്രോയിങ് മത്സരത്തിൽ എല്‍.കെ ആയിഷ ഒന്നാം സ്ഥാനവും കെ. മുഹമ്മദ് സിനാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എട്ട് മുതല്‍ പത്ത് വയസ്സുവരെയുളളവരുടെ മത്സരത്തിൽ എസ്. ആമി ഒന്നാം സ്ഥാനവും സീതാമയി രണ്ടാം സ്ഥാനവും സാന്‍വിയ മൂന്നാം സ്ഥാനവും നേടി. 11 മുതല്‍ 15 വരെ വയസ്സിലുളള കുട്ടികളുടെ വിഭാഗത്തിൽ പി. ദീപ്ത ഒന്നാം സ്ഥാനവും എം. റിതിക രണ്ടാം സ്ഥാനവും ഹിന പ്രവീണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജലച്ചായ മത്സരത്തില്‍ അഞ്ച് മുതല്‍ പത്ത് വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍ അമയ് ദേവ് ഒന്നാം സ്ഥാനവും അഭിന അജി രണ്ടാം സ്ഥാനവും നേടി .

ജലവുമായി ബന്ധപ്പെട്ട് 'ഒഴുകാം പുഴയിലൂടെയും നദിയിലൂടെയും' എന്ന വിഷയത്തില്‍ നടത്തിയ ചോദ്യോത്തര വേളയില്‍ പി. ഉമര്‍അലി, ടി.എസ് ജിഷ, ഷേര്‍ലി, ടി.കെ നഫീസ മിന്‍ഹ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ഷോളിമ, ഐശ്വര്യ സന്തോഷ്, എം.കെ റാസിക്, ഹിന പ്രവീണ്‍, എസ്. ആമി എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച 'ജലമുദ്ര' തിയേറ്റര്‍ ഷോ കാണികള്‍ക്ക് കാഴ്ചയുടെ വിസ്മയം തീര്‍ത്തു.

date