Skip to main content

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ആരോഗ്യ ബോധവത്കരണം നടത്തി  

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ ഹോസ്റ്റലിൽ നടന്ന ആരോഗ്യ ബോധവത്കരണ പരിപാടിയും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള പ്രദർശനവും കോർപറേഷൻ വിദ്യാഭ്യാസ, കലാ സാംസ്‌കാരിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ  ഉദ്ഘാടനം ചെയ്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.സി സച്ചിൻ അധ്യക്ഷനായി. ഡിവിസി യൂനിറ്റിലെ പി റിജേഷ് ക്ലാസ്സെടുത്തു.

ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.അനീറ്റ കെ ജോസി, ജില്ലാ വിബിഡി കൺട്രോൾ ഓഫീസർ ഡോ. കെ.കെ ഷിനി, ടെക്‌നിക്കൽ അസി. ഇൻ ചാർജ് എം.ബി മുരളി,  ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, സ്‌പോർട്‌സ് ഹോസ്റ്റൽ വാർഡൻ കെ.പി ബിന്ദു എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരും സ്‌പോർട്‌സ് ഹോസ്റ്റലിലെ നൂറോളം വിദ്യാർഥികളും പങ്കെടുത്തു.

ഡെങ്കിപ്പനിയും കാരണങ്ങളും

കൊതുക് പരത്തുന്ന രോഗങ്ങളിൽ വ്യാപകവും ഗുരുതരവുമായ ഒന്നാണ് ഡെങ്കിപ്പനി. സാധാരണ ഡെങ്കിപ്പനി മാരകമല്ല. എന്നാൽ രക്തസ്രാവത്തോടുകൂടിയുള്ള ഡെങ്കിപ്പനി മരണ കാരണമായേക്കാം. ഉയർന്ന ഈർപ്പാവസ്ഥയും കൂടിക്കൊണ്ടിരിക്കുന്ന താപനിലയും കാലം തെറ്റി ഇടവിട്ട് പെയ്യുന്ന മഴയും നമ്മുടെ നാട്ടിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകു രോഗങ്ങൾ പടരുന്നതിന്  അനുകൂല സാഹചര്യം ഒരുക്കുന്നു.

ഡെങ്കിപ്പനിക്ക് കാരണമായ പ്ലാവി വൈറസുകൾ നാല് ഉപവിഭാഗങ്ങളായാണ് കാണപ്പെടുന്നത്. ഒരിക്കൽ ഒരിനം വൈറസ് ബാധിച്ച വ്യക്തിയിൽ രണ്ടാമത് മറ്റൊരു വൈറസ് ബാധിക്കുന്നതും ഒന്നിൽ കൂടുതൽ തരം ഡെങ്കി വൈറസുകൾ ഒരാളിൽ ഒരേ സമയം പ്രവേശിക്കുന്നതും രക്തസ്രാവത്തോടുകൂടിയതും കൂടുതൽ ഗുരുതരവുമായ ഡെങ്കിപ്പനിക്കും ഡെങ്കി ഷോക്ക് സിൻഡ്രോമിനും കാരണമായേക്കാം. രക്തപരിശോധനയിലൂടെയാണ് ഡെങ്കിപ്പനി സ്ഥിരീകരണം.

ലക്ഷണങ്ങൾ

* പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി
* കണ്ണിന്റെ പിറകിലെ വേദന
* വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം
* തൊലിപ്പുറമെ അഞ്ചാംപനിയുടേത് പോലുള്ള തടിപ്പുകൾ

 രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ

* തൊലിപ്പുറത്ത് ചുവന്ന തടിച്ച പാടുകളും രക്തസ്രാവവും
* മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള രക്തസ്രാവം
* തീവ്രമായ വയറു വേദന
* കറുത്ത മലം
* അസാധാരണ പെരുമാറ്റം
* മയക്കം
* ശ്വാസ തടസ്സം
* കൈകൾ തണുത്ത് മരവിക്കൽ

പ്രതിരോധം വീട്ടിൽ നിന്നും

ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും പരത്തുന്ന ഈഡിസ് കൊതുകുകൾ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തുമുള്ള ശുദ്ധജലം തങ്ങിനിൽക്കുന്ന ഇടങ്ങളിലാണ്. ഇവ കണ്ടെത്തി നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദവുമായ മാർഗം.

* വീടിനു ചുറ്റും ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, തൊണ്ട്, ടയർ, പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് ഷീറ്റ്, ചെടിച്ചട്ടി, ചെടിച്ചട്ടിക്ക് അടിയിലെ പാത്രം മുതലായ വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
* വെള്ളക്കെട്ടുകൾ മണ്ണിട്ട് നികത്തുകയോ വെള്ളം ഓട കെട്ടിയൊഴുക്കി കളയുകയോ ചെയ്യുക.
* മരപ്പൊത്തുകൾ മണ്ണിട്ട് അടക്കുക
* ടെറസ്, സൺ ഷെയ്ഡ് എന്നിവയിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയുക
* അടപ്പില്ലാത്ത വെള്ളത്തിന്റെ ടാങ്കുകൾ കൊതുകുവല കൊണ്ട് മൂടുക.
* വാഴ, കൈത എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക.
* റബ്ബർപാൽ ശേഖരിക്കാൻ വെച്ച ചിരട്ട, കപ്പ് ഇവ ഉപയോഗശേഷം കമഴ്ത്തി വെക്കുക
* കമുകിൻ പാളകൾ കമഴ്ത്തി വെക്കുകയോ നീക്കം ചെയ്യുകയോ കീറി കളയുകയോ ചെയ്യുക
* കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ, കരിഓയിൽ എന്നിവ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക
* വെള്ളം കെട്ടി നിൽക്കുന്ന ടാങ്കുകളിലും താൽക്കാലിക ജലാശയങ്ങളിലും കിണറുകളിലും ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക
* വീടിനകത്ത് വെള്ളമെടുക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവ ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുക.
* ഫ്രിഡ്ജ,് കൂളർ എന്നിവയിലെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം നീക്കുക.
* അക്വേറിയത്തിൽ കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്  ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് കൊതുകുകൾ കടിക്കുന്നത് പകൽ സമയങ്ങളിലാണ്. പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. കൊതുക് നിയന്ത്രണ ഉറവിട നിർമാർജന പ്രവർത്തനങ്ങൾ എല്ലാ ആഴ്ചയിലും കൃത്യമായി നടപ്പിലാക്കിയാൽ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കും.

date