*എൻ്റെ കേരളം തുടി കൊട്ടിയും നന്തുണി മീട്ടിയും മൂന്നാം ദിനം*
എന്റെ കേരളം മെഗാ പ്രദർശന വിപണമേള മൂന്നാം ദിനം പിന്നിടുമ്പോൾ തുടി കൊട്ടിയും നന്തുണി മീട്ടിയും കേരളീയ അനുഷ്ഠാന കലകളുടെ സംഗമ വേദിയായി മാറി തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണർ.
നന്തുണി പാട്ട്, തുടി പാട്ട്, തോട്ടി പാട്ട്, പുള്ളുവൻ പാട്ട് തുടങ്ങി കേരളീയ തനത് കലകളുടെ അവതരണമായിരുന്നു മൂന്നാം ദിവസത്തിൽ അരങ്ങേറിയത്. തൃശൂർ ഹാർമണി മ്യൂസിക് ബാന്റാണ് ഈ തനത് കലകളെ വേദിയിലെത്തിച്ചത്.
ഓരോ കലാ അവതരണത്തോടുമൊപ്പം അതത് കലകളെ കുറിച്ചുള്ള വിവരണം കൂടി വന്നതോടെ ആസ്വാദകർക്ക് കലകളെ അറിയുന്നതിനും കേൾക്കുന്നതിനുമുള്ള അവസരമൊരുങ്ങി.
ആദിവാസി സമൂഹത്തിലെ കാട്ടുനായ്ക്കർ വിഭാഗത്തിലെ സ്ത്രീകൾ ജനന-മരണ സന്ദർഭങ്ങളിൽ പാടുന്ന തോട്ടി പാട്ട് ആസ്വാദകർക്ക് നവ്യാനുഭവമായപ്പോൾ പുള്ളുവൻ പാട്ടും തുടികൊട്ടിപാട്ടും ആസ്വാദകർക്ക് ഗൃഹതുരുത്വമേകി.
ജോട്മാരെ, ബുരുടെ, ദമ്പട്ടെ, തുടി, പുള്ളുവൻ കുടം, നന്തുണി, കുഴിത്താളം, ഇടംതല, വലംതല ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ പഴമയുടെ പ്രൗഢി നിലനിർത്തി അവതരിപ്പിച്ച പാട്ടുകളെ ആസ്വാദകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. കൃഷ്ണ, അനശ്വര, ദേവിക, അനാമിക, സാന്ദ്ര, അതുൽ കൃഷ്ണ, ഉമാശങ്കർ, ദേവിക ഗിരിധരൻ, അഭിജിത്ത് സേതു, രമ്യത് രാമൻ, ഷാലു തുടങ്ങിയവരാണ് കലാവതരണവുമായി വേദിയിൽ നിറഞ്ഞത്.
- Log in to post comments