Skip to main content

ക്ലീനാണ് കനകക്കുന്ന്, കിടിലമാണ് നഗരസഭ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപെട്ട് എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്ന കനകക്കുന്നും പരിസരവും എപ്പോഴും ക്ലീനാണ്. നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമ്മ സേനയുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ് കനകക്കുന്നിനെ വൃത്തിയായി സൂക്ഷിക്കുന്നത്. മേള കാണാൻ ദിവസവും പതിനായിരങ്ങളാണ് ഇവിടെ എത്തുന്നത്.

രാവിലെ അഞ്ചു മുതൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ കർമ്മ നിരതരാണ്. 30 തൊഴിലാളികളാണ് കനകക്കുന്നിൽ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നത്. കനകക്കുന്നും പരിസരവും സ്റ്റാളുകളും സൂര്യകാന്തിയും നിശാഗന്ധിയും ഉൾപ്പെടെ എല്ലാ ഇടവും ഇവർ വൃത്തിയാക്കും.

20 ഹരിതകർമ്മ സേനാംഗങ്ങളാണ് ഒരു ദിവസം കനകക്കുന്നിൽ എത്തുന്നത്. കനകക്കുന്നിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അന്ന് തന്നെ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. രാവിലെ 10 മണി മുതലാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നത്.

23ന് എന്റെ കേരളം മേള അവസാനിച്ചാലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും. കനകക്കുന്ന് പാലസിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാളുകൾ നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന മാലിന്യവും വൃത്തിയാക്കി കനക്കുന്നിനെ സുന്ദരിയാക്കിയ ശേഷമേ നഗരസഭയും ഹരിത കർമ്മസേനയും വിശ്രമിക്കൂ.....

date