മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം സമഗ്രവികസനം തേടിയുള്ള ചോദ്യങ്ങള്‍; നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
ജില്ലയുടെ സമഗ്രവികസനം തേടിയാണ് സമൂഹത്തിന്റെ പരിച്ഛേദം മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ യൂനുസ് കണ്വന്ഷന് സെന്ററിലേക്കെത്തിയത്. ജനകീയആവശ്യങ്ങളൊക്കെ പരിഗണിച്ച് സമയബന്ധിതമായ നടപടികളിലൂടെ പരിഹാരവും തുടര്‍വികസനവും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്റെ സംതൃപ്തിയിലാണ് യോഗത്തിന്റെ പരിസമാപ്തിയും.
കൊല്ലം- തേനി ദേശീയപാത ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ധനപരമായ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജിഎസ്ടി വിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 317 കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി സംയുക്തമായി നടപ്പാക്കേണ്ട പദ്ധതിക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനുപുറമേ ജങ്ഷനുകളുടെ വികസനവും പലയിടത്തും പുരോഗമിക്കുന്നു. കരിക്കോട് ജംഗ്ഷനുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സമഗ്രപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. ആദ്യ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി തുടര്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ ഘട്ടത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഈ പാതകൂടി വികസിപ്പിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ പല എന്‍ജിനീയറിങ് കോളജുകളുടെ പങ്കാളിത്തം ഉണ്ടെന്നും തുടര്‍ന്നും ഇത് ഏത് രീതിയില്‍ ഉപയോഗിക്കാമെന്ന് ആലോചിക്കാം എന്നും ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി കെ എ അയ്യപ്പന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതിനകം തന്നെ പി പി പി മാതൃക (പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) നടപ്പാക്കിയിട്ടുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും വ്യക്തമാക്കി. പശ്ചാത്തലവികസനം കാര്‍ഷിക മേഖലകളിലും നടപ്പാക്കും. കാര്ഷികോല്പന്നങ്ങളുടെ ഉദ്പാദനം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കണം. എന്നാല്‍ ഉത്പാദന ക്ഷമത കൂടുമ്പോള്‍ ദീര്‍ഘകാല സംഭരണത്തിന് ഉതകാത്തയവയുണ്ടാകും. അവയ്ക്ക് കൃത്യമായ ശീതീകരണ സംവിധാനം വേണം. മാര്‍ക്കറ്റുകള്‍, ട്രാന്സ്പോര്ട്ടേഷന്, എയര്‍പോര്‍ട്ടുകള്‍, സ്റ്റോറേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ശീതീകരണ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കെ എസ് മണി ആണ് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചത്.
രാജ്യത്തെ ഒന്നാമത്തെ ഇക്കോ ടൂറിസം പദ്ധതിയായ തെ•ലയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബയോഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ടില്‍ തെ•ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി രേഖകള്‍ തയ്യാറാക്കുന്നതായും ക്യാപ്പക്സിന്റെ ടൂറിസം പദ്ധതിക്ക് കൊല്ലത്ത് പ്രത്യേക പരിഗണന നല്‍കുമെന്നും തുടര്‍നടപടി ഉണ്ടാകുമെന്നും എന്‍ എസ് സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു ഉന്നയിച്ച ടൂറിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമാക്കി.
കാട്ടുപന്നിശല്യം കര്‍ഷകര്‍ക്ക് ജീവനാശവും കനത്ത സാമ്പത്തിക നഷ്ടവും വരുത്തുന്നതായും ഇവയെ വെടിവെച്ചു കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാലരുവി ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ സ്റ്റാന്‍ലി ചാക്കോ ആവശ്യപ്പെട്ടു. രാജ്യം അംഗീകരിച്ച നിയമപ്രകാരം മൃഗങ്ങളെ തൊടാന്‍ അനുവാദമില്ലെന്നും അതേസമയം നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുത്ത് പഞ്ചായത്തുകള്‍ക്ക് അവശ്യഘട്ടങ്ങളില്‍ കൊല്ലുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ഥികള്‍ രാജ്യംവിട്ടു പോകുന്നതില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് അക്കാദമികനിലവാരവും ഭൗതികസാഹചര്യവും പശ്ചാത്തലസൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പുതിയ കോഴ്സുകള്‍, ലാബുകള്‍, ലൈബ്രറികള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍ എന്നിവ ഒരുക്കും. ഗവേഷണത്തിനും ഏറെ പ്രാധാന്യമാണ് നല്‍കുന്നത്.
കേരളത്തില്‍ പഠിക്കുന്ന സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ 12 പ്രധാന യൂണിവേഴ്സിറ്റികളില്‍ മൂന്നെണ്ണം കേരളത്തിലാണ്. ഗുണമേ•യുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍, കൗമാരക്കാരിലെ ലഹരിഉപയോഗം, അക്രമവാസന തുടങ്ങിയവ വര്‍ധിക്കുന്നതിനെതിരെ നിരന്തരം നടപടികള്‍ സ്വീകരിച്ചുവരുന്നു. ജൂണില്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ ബൃഹത്തായ ക്യാമ്പയിന് തുടക്കമിടും. ആദ്യഘട്ടത്തില്‍ കൗണ്‍സിലിംഗും അനിവാര്യമായാല്‍ ഡി-അഡിക്ഷന് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പ്രത്യേക സൗകര്യങ്ങളുള്ള കേന്ദ്രങ്ങളും ആവശ്യമുണ്ട്. കൃത്യമായി ചികിത്സനല്‍കുന്നതില്‍ രക്ഷിതാക്കളോ സ്കൂള്‍ അധികൃതരോ തടസംനില്ക്കരുത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ഈ അധ്യയനവര്‍ഷം നടപ്പാക്കും.
വിദ്യാര്‍ഥികളോട് നിരന്തരം ഇടപെടുന്ന അധ്യാപകര്‍ കൗണ്‍സിലര്‍മാരായി മാറണം. പരിശീലനം സര്‍ക്കാര്‍ തലത്തില്‍ നല്‍കും. വിദ്യാര്‍ഥികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ ഇടപെടാന്‍ അധ്യാപകര്‍ക്ക് കഴിയണം. നിശ്ചിതസമയം സ്കൂള്‍ മൈതാനത്ത് സമ്മേളിപ്പിച്ച് മാസ്സ് എക്സര്‍സൈസ് -സൂംബ പോലുള്ള കായിക രീതികള്‍ നല്‍കുന്നത് നടപ്പാക്കും- അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ വി തോമസ് കുട്ടിക്ക് മറുപടി നല്കി.
തൊഴില്‍നികുതി വര്‍ധനവ് ചെറുകിടവ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് പുനപരിശോധന ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി നേതാവ് അഞ്ചല്‍ ദേവരാജന്റെ ആവശ്യത്തിന് ഇത്തരത്തില്‍ ലഭിക്കുന്ന ചെറിയ തുകകള്‍ 60 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്കി.
റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡ് തൊഴിലാളികള്‍ക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി 15 കോടിയിലധികം രൂപ ചെലവഴിച്ചതായി അറിയിച്ചു. ഭക്ഷ്യഎണ്ണ ഉത്പാദിപ്പിക്കുന്ന ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കാലപ്പഴക്കം ചെന്ന ഫാക്ടറിയുടെ നവീകരണത്തിന് 100 കോടി രൂപ ആവശ്യമുള്ളതായി കണക്കാക്കിയിട്ടുണ്ടെന്നും പ്ലാന്റേഷന് തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) സെക്രട്ടറി ടി അജയന്റെ ചോദ്യത്തിന് മറുപടി നല്കി .
പുനലൂര്‍ കുടിവെള്ള പദ്ധതിക്ക് 250 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 46,000 പേര്‍ക്ക് ഗുണംലഭിക്കുന്ന പദ്ധതിയാണിത്. അമൃത് 2.0 യില്‍ പദ്ധതി ഉള്‍പ്പെടുത്തുന്നതിന് നഗരസഭ പാസാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റുപദ്ധതികള്‍ക്ക് അംഗീകാരംനല്കിയതിനുശേഷമാണ് അപേക്ഷ ലഭിച്ചത്. അതിനാല്‍ ഫീസിബിലിറ്റി പഠനം, ഇതര സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.പി ഉണ്ണികൃഷ്ണനാണ് കുടിവെള്ള പദ്ധതി വേഗത്തില്‍ ആക്കണമെന്ന് ആവശ്യമുന്നയിച്ചത്.
തോട്ടണ്ടി ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2017- 18 മുതല്‍ 78000ലധികം മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തിട്ടുണ്ട്. മേഖലയില്‍ തുടര്‍ന്നും പ്രത്യേക ശ്രദ്ധ നല്‍കും. കശുവണ്ടി തൊഴിലാളികളായ ബിന്ദു സന്തോഷ്, എസ് ഷീബ എന്നിവരാണ് ആവശ്യം അറിയിച്ചത്.
കുടിവെള്ളക്ഷാമപ്രശ്നം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. കല്ലട ഡാം വൃഷ്ടി പ്രദേശത്ത് മുന്‍വര്‍ഷങ്ങള്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ അടിഞ്ഞ എക്കല്‍, ചളി നീക്കം ചെയ്ത് സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍ ഉന്നയിച്ച വിഷയത്തിനു മറുപടി നല്കി.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നിലവില്‍ സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡോ. ജിതിനാണ് ഇത് സംബന്ധിച്ച് ചോദ്യമുയര്‍ത്തിയത്.
സ്പോര്‍ട്സ് കൗണ്‍സില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാമെന്ന് ദേശീയ ഗോള്‍ഡ് മെഡലിസ്റ്റ് എം ജെ മിലാനോയ്ക്കും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അത്ലറ്റിക് ദേശീയ ജൂനിയര്‍ മെഡല്‍ ജേതാവ് സ്റ്റെമി മറിയ ബിജുവിനും മറുപടി നല്കി.
ആഴക്കടല്‍ മണല്‍ഖനനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് വി കെ മധുസൂദനാണ് വിഷയം മുന്നോട്ടു വെച്ചത്.
തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമാക്കും. വിഭവശേഷികുറവിന്റെ പരിമിതി ഉണ്ടെങ്കിലും തീരദേശ പാക്കേജ് പ്രഖ്യാപിക്കുന്നതിന് കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ തുടര്‍ന്നും ശ്രമം നടത്തുമെന്നും വികാര്‍ ജനറല്‍ ബൈജു ജൂലിയന്‍ മറുപടി നല്കി.
വിവിധ മേഖലകളില്‍ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പേറ്റന്റുകള്‍ കമേര്ഷ്യലൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്നും വീഡിയോകളില്‍ വ്യാജവിവരങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് കണ്ടെത്താന്‍ നിര്‍മിച്ച സോഫ്റ്റ്വെയറിന് പേറ്റന്റ് ലഭിച്ച ഡോ. ലിഞ്ചു ലോറന്‍സിന് മറുപടി നല്കി.
സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയിലും അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് സംവാദം പൂര്‍ത്തിയാക്കിയത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിന് സാക്ഷ്യമായി ഗുണഭോക്താക്കളും
നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടിയവര്, പരിമിതികളുടെ ജീവിത സാഹചര്യത്തിന് മാറ്റമുണ്ടായി പുതുജീവിതംകിട്ടയവര്, പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തവര്‍...-നന്ദി വാക്കുകളിലൊതുങ്ങുന്നതല്ലെന്ന തിരിച്ചറിവോടെ അവരെത്തി - ആശ്രാമം യൂനുസ് കണ്വന്ഷന് സെന്ററില്‍. വികസനകാര്യത്തിലെന്നപോലെ സൂക്ഷ്മതലത്തിലേക്കും നീളുന്ന കൈത്താങ്ങിന്റെ ഉറവിടത്തിലേക്ക്. മുഖ്യമന്ത്രിക്ക് മുന്നിലെത്തി ആദരവും നന്ദിയും അര്‍പ്പിക്കേണ്ടത് കടമയാണെന്ന തിരിച്ചറിവാണ് പലരേയും വേദിയിലേക്ക് നയിച്ചതും.
വര്‍ഷങ്ങളായി കൊല്ലം തീരപ്രദേശത്ത് താമസിച്ച 187 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി പട്ടയം അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് പള്ളിത്തോട്ടം, പോര്‍ട്ട് കൊല്ലം നിവാസികള്‍ ഉപഹാരം നല്കി, സര്‍ക്കാരിന്റെ നായകന് കൈമാറി മടങ്ങിയത് തികഞ്ഞ ആത്മസംതൃപ്തിയോടെ.
റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡ് തൊഴിലാളികള്‍ വസിക്കുന്ന ലയങ്ങള്‍ കാലത്തിനൊത്തവണ്ണം മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ തുക നീക്കിവെച്ച സംസ്ഥാന സര്‍ക്കാരിന് നന്ദി സൂചകമായി തൊഴിലാളികളുടെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയാണ് കൊല്ലം സ്വദേശി സുബൈദ ഉമ്മ പലതവണ മാതൃകയായത്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് ഇപ്പോഴും. മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തില്‍ അതിഥിയായി പങ്കെടുത്ത് പൂച്ചെണ്ടുകള്‍ നല്‍കിയാണ് കോവിഡ്കാലത്തും തുടര്‍ന്നും ജനങ്ങള്‍ക്കായി നിലകൊള്ളുന്ന മുഖ്യമന്ത്രിക്ക് ആദരവ് അര്‍പിച്ചത്.
- Log in to post comments