Skip to main content

പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല കളിക്കളങ്ങളിൽ നിന്നുകൂടി കുട്ടികൾ പഠിക്കണം മന്ത്രി വി. അബ്ദു റഹിമാൻ

കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്'

ലഹരി വിരുദ്ധ വാക്കത്തൺ, മാരത്തൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു  

 

പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല കളിക്കളങ്ങളിൽ നിന്നുകൂടി കുട്ടികൾ അറിവ് നേടണമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്' സംസ്ഥാനതല ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച വാക്കത്തണിന്റെയും മിനി മാരത്തണിന്റെയും സമാപന സമ്മേളനം കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജയത്തിനു പുറമേ പരാജയത്തിന്റെ പാഠങ്ങൾ കൂടി കുട്ടികൾ പഠിക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. തോൽവികളെ നേരിടാനും അതിജീവിക്കാനും കളിക്കളങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ഏറെ ഉപകാരം ചെയ്യും. ആത്മഹത്യ പ്രവണത, മറ്റ് മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ തന്നെ കായിക വിനോദങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ കഴിയും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ കളിക്കളം വീതം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 

 

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികളും യുവാക്കളും മാതാപിതാക്കളും ഉൾപ്പെടെ ആയിരങ്ങളാണ് ഓരോ ജില്ലയിലും പരിപാടിയുടെ ഭാഗമാകുന്നത്. കേരളത്തിന്റെ കായിക രംഗത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ കോതമംഗലത്ത് തന്നെ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങിൽ മിനി മാരത്തൺ വിജയികളായവർക്ക് മന്ത്രി പുരസ്കാരം നൽകി.പുരുഷ വിഭാഗത്തിൽ കൃഷ്ണ പ്രസാദും വനിതാ വിഭാഗത്തിൽ ടി.പി ആശയും ഒന്നാം സ്ഥാനം നേടി. മൂവാറ്റുപുഴ കക്കടശ്ശേരി പാലത്തിൽ നിന്ന് തുടങ്ങി വിമലഗിരി സ്കൂൾ - റോട്ടറി ക്ലബ് വഴി ബൈപ്പാസിൽ കടന്ന്- കോതമംഗലം മൈ ജി ഷോറൂമിന് സമീപം സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. മാത്യു കുഴൽനാടൻ എം.എൽ.എ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനക്കാർക്ക് 15000 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 7500 രൂപയും ബാക്കി ഏഴ് സ്ഥാനക്കാർക്ക് 2000 രൂപ വീതവുമായിരുന്നു സമ്മാനം. 

 

മിനി മരത്തോണിന് ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി കോതമംഗലം നഗരസഭ പരിസരത്തിൽ നിന്ന് ആരംഭിച്ച വാക്കത്തൺ കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, കായിക താരങ്ങൾ, വിവിധ സ്പോർട്സ് അസോസിയേഷനുകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ തുടങ്ങി നൂറുകണക്കിന് പേർ വാക്കത്തണിൽ പങ്കാളികളായി. കോതമംഗലം ചെറിയപള്ളി,സെന്റ് തോമസ് ഹാളിലായിരുന്നു സമാപനം. 

 

സമാപന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയായി. സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.സി ലേഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫ് അലി, വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മിനി ഗോപി, സിബി മാത്യൂ, എം.പി ഗോപി, സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.ഐ ബാബു, അഡ്വ.രഞ്ജു സുരേഷ്, എ. ശ്രീകുമാർ, ജെ.എസ് ഗോപൻ, കോതമംഗലം ചെറിയപള്ളി പ്രതിനിധി ഫാ. എൽദോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ജോയ് പോൾ, മറ്റു ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ

 പങ്കെടുത്തു.

 

*ഫോട്ടോ അടിക്കുറിപ്പ്*

 

കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്'

സംസ്ഥാന തല ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി കോതമംഗലത്ത് സംഘടിപ്പിച്ച വാക്കത്തൺ കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി ഫ്ലാഗ് ഓഫ് ചെയ്യുന്നു, മന്ത്രി വി. അബ്ദു റഹിമാൻ സമീപം.

date