Skip to main content

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസ് : മന്ത്രി വി ശിവന്‍കുട്ടി

#കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസില്‍ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു#

കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനമെന്നും, നമ്മുടെ കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ പുതിയ ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള ശക്തിയേകുന്ന നിര്‍മാണങ്ങളാണ് ഇതെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കിളിമാനൂര്‍

ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനം, നവീകരിച്ച സ്‌കൂള്‍ അങ്കണം, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലെ സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. നമ്മുടെ ഭാവി ഭദ്രമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാണ് നമ്മുടെ പ്രതിബദ്ധത എന്നും അതിന്റെ ഭാഗമായാണ്  ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടം സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങളില്‍ പുതിയ അധ്യായം തുറക്കുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ ഇത് സഹായിക്കും. വിദ്യാഭ്യാസത്തെ കേവലം ജ്ഞാനത്തിന്റെ ഇടം എന്നതില്‍ നിന്നല്ല, സമൂഹത്തെ മാറ്റിനിര്‍മിക്കുന്ന ശക്തിയായി കാണുന്ന ഒരു ഭാവിയാണ് നമ്മള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിന് കിഫ്ബി മുഖാന്തിരം പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ്  പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്.  പൊതുമരാമത്ത് കെട്ടിടവിഭാഗം 20 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച സ്‌കൂള്‍ അങ്കണം, ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവ പൂര്‍ത്തിയാക്കിയത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date