Skip to main content
തരുവണത്തെരു യു പി സ്കൂളിന് സ്പീക്കർ എ എൻ ഷംസീർ അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെയും, എൽ എസ് എസ്,യു എസ് എസ് കുട്ടികൾക്കുള്ള അനുമോദനവും    നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ.ഉദ്ഘാടനം ചെയ്യുന്നു

ടെക് ഫ്രണ്ട്ലി ലോകത്തിൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരണം: സ്പീക്കർ 

കുട്ടികളെ ടെക് ഫ്രണ്ട്ലിയായി വളർത്തുന്നതിനൊപ്പംതന്നെ വായനയിലേക്ക് കൊണ്ടുവരാനും രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. വെർച്ച്വൽ ലോകത്തോടൊപ്പം ചുറ്റുപാടുകളെക്കൂടി അറിഞ്ഞ് കുട്ടികൾ സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂർ തരുവണത്തെരു യു.പി സ്‌കൂളിൽ വികസന വിജയോത്സവം പരിപാടി, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം, ടർഫ് നിർമാണത്തിനുള്ള സ്ഥലം കൈമാറൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ.
കേരള ബിവറേജസ് കോർപ്പറേഷന്റെ പൊതുനന്മ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ, സ്‌കൂൾ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ്  സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയത്. 

സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്ഥലത്ത് എം എൽ എ ഫണ്ട് ഉപയോഗിച്ച് കതിരൂർ ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ടർഫിന്റെ രേഖ സ്‌കൂൾ മാനേജർ പി.കെ രത്നരാജ് മാസ്റ്ററിൽ നിന്നും അഡ്വ. എ.എൻ ഷംസീർ ഏറ്റു വാങ്ങി. 25 ലക്ഷം രൂപ ചെലവിലാണ്  ടർഫ് സ്ഥാപിക്കുന്നത്. സ്‌കൂൾ സമയങ്ങളിൽ ടർഫ് വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ നൽകണമെന്ന ഉപാധിയോടെയാണ് മാനേജ്‌മെന്റ് സ്ഥലം നൽകിയത്. എൽഎസ്എസ്, യുഎസ്എസ്  വിജയികളെ പരിപാടിയിൽ അനുമോദിച്ചു.

കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ് രമേശ് കണ്ടോത്ത്, വാർഡ് അംഗങ്ങളായ എൻ. സുധീഷ്, കെ.വി ശോസ്‌ന, സ്‌കൂൾ മാനേജർ പി.കെ രത്‌നരാജ്, തലശ്ശേരി നോർത്ത് എ.ഇ.ഒ എ പ്രശാന്ത്, ബി.പി.സി കെ.കെ ചന്ദ്രമോഹൻ, പി.ടി.എ പ്രസിഡന്റ് കെ ബിജു, മദർ പി.ടി.എ പ്രസിഡന്റ് മിനി ഷിജിത്ത്, പ്രധാന അധ്യാപിക കെ.പി റജില, റിട്ട. എച്ച്. എം കെ.കെ കുമാരൻ മാസ്റ്റർ, അജിത് കാരായി, സി. സജീവൻ, എൻ. ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date