Skip to main content

വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിൻ മെഗാ തൊഴിൽമേള ശനിയാഴ്ച

സംസ്ഥാന സർക്കാരിന്റെ  വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ  ഭാഗമായ മെഗാ തൊഴിൽമേള ധർമശാല കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ ശനിയാഴ്‌ച നടക്കും. നൂറ്റമ്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന മൊഴിൽമേളയിൽ 445 തൊഴിൽ വിഭാഗങ്ങളിലായി 35,000 ത്തിലധികം ഒഴിവുകളുണ്ട്‌.   ഒരാൾക്ക്‌ അഞ്ച്‌ തസ്‌തികയിലേക്കാണ്‌ അപേക്ഷിക്കാവുന്നത്‌.   ഉദ്യോഗാർഥികൾക്ക്‌ മേളയിൽ പങ്കെടുക്കാൻ വിപുലമായ ക്രമീകരണം തൊഴിൽ മേഖലയിൽ ഒരുക്കിയിട്ടുണ്ട്‌. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന 93 തൊഴിൽ വിഭാഗവും 3587 ഒഴിവുമുണ്ട്. ഐടിഐ യോഗ്യതയുള്ളവർക്ക് 40 തസ്‌തികയിലായി 12,548 ഒഴിവും  സാങ്കേതിക ഡിപ്ലോമ നേടിയവർക്ക് 64 വിഭാഗത്തിലായി 6500 ലധികം ഒഴിവുമുണ്ട്‌.  തിരക്ക് ഒഴിവാക്കാൻ ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ നാല് ടൈം സ്‌ലോട്ടുകളിലാണ്‌ എത്തേണ്ടത്‌. ഈ സമയത്തുതന്നെ ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ കൗണ്ടറിൽനിന്ന്‌ ടോക്കൺ കൈപ്പറ്റണം. ജില്ലയിലെ ഉദ്യോഗാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ടിനും 10 നുമിടയിൽ തളിപ്പറമ്പ്, എടക്കാട്, പയ്യന്നൂർ ബ്ലോക്കിൽനിന്നുള്ളവരും 10നും 11.30നുമിടയിൽ തലശേരി, കൂത്തുപറമ്പ്,  പാനൂർ,  ഇരിക്കൂർ ബ്ലോക്കിൽനിന്നുള്ളവരും 11.30 നും 12നുമിടയിൽ ഇരിട്ടി, പേരാവൂർ, കല്യാശേരി, കണ്ണൂർ ബ്ലോക്കിൽനിന്നുള്ളവരും 12 മുതൽ വിവിധ നഗരസഭാ പരിധിയിലുള്ളവരുമാണ് രജിസ്ട്രേഷനെത്തേണ്ടത്. ഈ സമയത്തുതന്നെ ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ കൗണ്ടറിൽനിന്ന്‌ ടോക്കൺ കൈപ്പറ്റണം.
മേള രാവിലെ 10ന്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.  എം വി  ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.

date