'2 മില്യണ്‍ പ്ലഡ്ജ്: ജില്ലാ കേന്ദ്രം മാനാഞ്ചിറ ബിഇഎം സ്കൂള്‍; 23ന് കലാജാഥയും 24ന് വിളംബര ജാഥയും സംഘടിപ്പിക്കും
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യണ്‍ പ്ലഡ്ജി'ന്റെ ജില്ലാ കേന്ദ്രമായി മാനാഞ്ചിറ ബിഇഎം സ്കൂളിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ കലാജാഥ 23ന് രാവിലെ താമരശ്ശേരിയില്‍നിന്ന് ആരംഭിച്ച് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സമാപിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 24ന് സിവില്‍ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിക്കുന്ന വിളംബര ജാഥയില്‍ വിവിധ വകുപ്പുകള്‍ പങ്കാളികളാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലും അന്ന് വിളംബരജാഥ സംഘടിപ്പിക്കും.
ജില്ലയിലെ 20 ലക്ഷം പേര് ഒരുമിച്ച് ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പ്രതിജ്ഞയെടുക്കുന്നതിലൂടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ചരിത്രം കുറിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. യുവാക്കള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, വയോജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാലയങ്ങള്‍, യുവജന-വിദ്യാര്‍ഥി സംഘടനകള്‍, വ്യാപാരികള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍, സിനിമ, സീരിയല്‍, നാടക രംഗത്തെ കലാകാരന്മാര്, സംഗീതജ്ഞര്‍, മാധ്യമങ്ങള്‍ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിനാണ് ജില്ലാ പഞ്ചായത്തിന്റെ ആസൂത്രണത്തില്‍ നടന്നുവരുന്നത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ വി റീന, വി പി ജമീല, കോര്പ്പറേഷന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ, കോഴിക്കോട് എ സി പി എ ഉമേഷ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര് എന്‍ ബൈജു, സെക്രട്ടറി ടി ജി അജേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശിവദാസന്‍, സി പി മണി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments