Skip to main content

'ട്രീ ബാങ്കിംഗ്' പദ്ധതി

സ്വകാര്യഭൂമിയിലെ വൃക്ഷാ വരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ട്രീ ബാങ്കിംഗ് പദ്ധതിക്ക് മലപ്പുറം സോഷ്യൽ ഫോറസ്റ്റ്ട്രി ഡിവിഷൻ അപേക്ഷ ക്ഷണിച്ചു. ചന്ദനത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനാണ് ഈ വർഷം പരിഗണന നൽകുന്നത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷത്തെ  ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട കൈവശ രേഖകളോടെ മലപ്പുറം/നിലമ്പൂര്‍ സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രോത്സാഹന ധനസഹായം തൈകള്‍ നട്ടു വളര്‍ത്തിയതിന്റെ മൂന്നാം വര്‍ഷം മുതലാണ് നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലനം നടത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായതിനുശേഷം ഉടമകൾക്ക് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാം.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സ്ഥലം ബന്ധപ്പെട്ട റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരിശോധിക്കും. സ്ഥലം അനുയോജ്യമാണെന്നു  ബോധ്യപ്പെട്ടാല്‍ കര്‍ഷകരുമായി 15 വര്‍ഷത്തെ പരിചരണത്തിനായി ധാരണപത്രം ഒപ്പുവെക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷനുമായോ നിലമ്പൂര്‍  സോഷ്യല്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായോ  ബന്ധപ്പെടണം.  അപേക്ഷ നൽകേണ്ട അവസാന തീയതി ജൂണ്‍ 30. പദ്ധതിയുടെ വിശദവിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

date