ശുചിത്വ ഐ' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സിസ്റ്റം വികസിപ്പിച്ച സംഘത്തിലെ അംഗങ്ങളെ മന്ത്രി അനുമോദിച്ചു
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പരിസരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെ കണ്ടെത്താനും, തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുവാനുമായി നിര്‍മ്മിച്ച ശുചിത്വ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സിസ്റ്റം വികസിപ്പിച്ച സംഘത്തിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അനുമോദിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജും പൂജപ്പുര എല്‍.ബി.എസ് വിമന്‍സ് കോളേജും സംയുക്തമായി തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി കോര്‍പറേഷനുമായി ധാരണ പത്രം ഒപ്പ് വെച്ചാണ് പ്രോജക്ട് വികസ്പ്പിച്ചിരിക്കുന്നത്. പ്രോജക്ടില്‍ മുഖ്യ പങ്കാളിത്തം വഹിച്ചത് കാസര്‍കോട് എല്‍.ബി.എസിലെ ഫാത്തിമ രിഫ്ദ, യദുമിത്ര, ഉമര്‍ അല്‍ മുക്താര്‍, മനുപ്രിയ ധനുഷ് എന്നീ വിദ്യാര്‍ഥികളാണ്. ഇതിന് നേതൃത്വം നല്‍കിയിരിക്കുന്നത് അധ്യാപകരായ ഡോ. സരിത് ദിവകര്‍, പ്രൊഫ. ജെ.അഞ്ചു , പ്രൊഫ. രസ്‌ന എന്നിവരാണ്.
തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പരിധിയില്‍ വരുന്ന ഇരുപതോളം സി.സി.ടി.വി ക്യാമറകള്‍ ശുചിത്വ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റല്ലിജന്‍സ് സിസ്റ്റത്തിന്റെ നിരീക്ഷണത്തിലാണ്. സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യം തത്സമയം നിരീക്ഷിച്ച് എ.ഐ യുടെ സഹായത്തോട് കൂടി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ആളുകളെയും വാഹനങ്ങളെയും സംഭവം നടന്ന സ്ഥലത്തിന്റെയും വിവരങ്ങള്‍ അധികാരികളെ അറിയിക്കാനുള്ള നൂതന സംവിധാനമാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ സെന്ററില്‍ (ICCC) സജ്ജമാക്കിയിട്ടുള്ളത്.
- Log in to post comments