Skip to main content

മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഇന്ന് (1) നാടിന് സമര്‍പ്പിക്കും

 

 

വിവിധ ആവശ്യങ്ങള്‍ക്കായി മണക്കാട് വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഇനി സേവനങ്ങള്‍ കൂടുതല്‍ 'സ്മാര്‍ട്ടായി' ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഇന്ന് (1) നാടിന് സമര്‍പ്പിക്കും.

 

തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന മണക്കാട് വില്ലേജ് ഓഫീസ് മന്ദിരം 2023 - 24 പ്ലാന്‍ സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നത്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

 

പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ സൗകര്യത്തോട് കൂടിയ പ്രത്യേക ക്യാബിനുകള്‍, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള വിശ്രമമുറി,റെക്കോര്‍ഡ് റൂം, ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പോട് കൂടിയ വരാന്ത എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഓഫീസുകളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും ലഭ്യമാകും.

 

മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ മന്ദിരോദ്ഘാടനം മണക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4ന് നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പി. ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയായിരിക്കും.  

 

സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാര പ്രദമാക്കുകയും കാലോചിതമായി പരിഷ്‌ക്കരിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍, ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ. ദീപക്, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഷൈജു.പി. ജേക്കബ്, സബ് കളക്ടര്‍ അനുപ് ഗാര്‍ഗ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സി.വി സുനിത, എ.ജയന്‍, ജീന അനില്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികരംഗത്തെ നേതാക്കള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date