പേവിഷബാധാ പ്രതിരോധം: സ്‌പെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധാ പ്രതിരോധം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പേവിഷബാധ അഥവാ റാബീസ് ആരോഗ്യ വെല്ലുവിളിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി,വാക്‌സിനേഷന്‍, പ്രഥമ ശുശ്രൂഷ, മുന്‍കരുതലുകള്‍, വളര്‍ത്തു മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍. ജി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ ഫാ. തോമസ് കുളമാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ആല്‍ബര്‍ട്ട്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി എന്നിവര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധ വല്‍ക്കരണ ക്ലാസ് എടുത്തു. ഡപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ഷൈലാഭായി വി.ആര്‍ റാബീസ് ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നിര്‍ദ്ദേശപ്രകാരമാണ്പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍,സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ അസംബ്ലിയും, ബോധവല്‍ക്കരണ ക്ലാസും ആരോഗ്യ പ്രവര്‍ത്തകരുടെയും, സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കി. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ചെറിയ പോറലുകളോ മുറിവുകളും ഉണ്ടായാല്‍ പോലും അലംഭാവം അരുത്. മൃഗങ്ങളില്‍ നിന്ന് കടി, മാന്തല്‍ എന്നിവയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് ടാപ്പ് വെള്ളത്തില്‍ നേരിട്ടോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടര്‍ച്ചയായി കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിലൂടെ വൈറസ് അടങ്ങിയ ഉമിനീര്‍ പുറന്തള്ളപ്പെടുന്നതിനാലും വൈറസുകള്‍ നശിക്കുന്നതിനാലും നാഡീവ്യൂഹത്തിലൂടെ വൈറസ് തലച്ചോറില്‍ എത്തുന്നത് തടയാന്‍ സാധിക്കും. അതിനാല്‍ മുറിവേറ്റ ഭാഗം 15 മിനിറ്റ് വെള്ളത്തില്‍ കഴുകുന്നത് വളരെ പ്രധാനമാണ്.
ജൂലൈ മാസത്തില്‍ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
ചിത്രം: പേവിഷബാധാ പ്രതിരോധം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍. ജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments