ഓണത്തിന് 'നിറപ്പൊലിമ' യും 'ഓണക്കനി'യുമൊരുക്കാൻ പള്ളിപ്പുറം
ഓണവിപണിയില്‍ പൂക്കളെത്തിക്കാൻ കുടുംബശ്രീ ആരംഭിച്ച 'നിറപ്പൊലിമ'ക്കും വിഷരഹിത പച്ചക്കറികള്‍ ഒരുക്കുന്ന 'ഓണക്കനി'ക്കും ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ തുടക്കമായി. തിരുനെല്ലൂർ പൗർണമി ജെഎൽജി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ തൈകൾ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിഷമില്ലാത്ത പച്ചക്കറികളും ഓണപ്പൂക്കളത്തിനുള്ള പൂവുകളും നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീക്ക് കീഴിലെ കര്‍ഷകവനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുമായി ചേര്‍ന്ന് ജെഎല്‍ജി ഗ്രൂപ്പുകളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ പന്ത്രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. രണ്ടു നിറങ്ങളിലെ ബന്ദി, വിവിധയിനം പയര്‍, വെണ്ട, പടവലം, മുളക്, വഴുതന തുടങ്ങിയവ കൃഷിചെയ്യും. ഇത് വിജയകരമായാൽ വിളകൾ ഓണത്തോടനുബന്ധിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിലെ കുടുംബശ്രീ ചന്തകള്‍ വഴി വിപണിയിലെത്തിക്കും.
ചടങ്ങിൽ പഞ്ചായത്തംഗം പ്രഭാവതി സത്യദാസ്, സിഡിഎസ് ചെയർപേഴ്സൺ വിജി രതീഷ്, ആത്മ ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments