Skip to main content

ഞാറ്റുവേല ചന്തയും കര്‍ഷകസഭയും നടത്തി മൊകേരി പഞ്ചായത്ത്

മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റേയും ആത്മ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. കെ.പി.മോഹനന്‍ എം എല്‍ എ കര്‍ഷകയായ പി.പി ലക്ഷ്മിക്ക് തെങ്ങില്‍ തൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍ അധ്യക്ഷനായി. സൂര്യന്റെ രാശിയും കാലാവസ്ഥാ വ്യതിയാനവും നിരീക്ഷിച്ച് കൃഷിപ്പണി ആരംഭിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാനാണ് എല്ലാ വര്‍ഷവും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. മിതമായ നിരക്കില്‍ അത്യുല്‍പാദന ശേഷിയുള്ള നടീല്‍ വസ്തുക്കളും ജൈവവളങ്ങളും പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യമായി പച്ചക്കറി വിത്തുകളും മരച്ചീനി തണ്ടുകളും വിതരണം ചെയ്തു. വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് വിള ഇന്‍ഷുറന്‍സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിഷ്ണു ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജശ്രി, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി മുകുന്ദന്‍, വി.പി റഫീഖ്, വി.പി ഷൈനി, കര്‍ഷക സമിതി അംഗങ്ങളായ ടി.പി രാജന്‍, ഹരിദാസ് മൊകേരി, കൃഷി ഓഫീസര്‍ വി.പി.സോണിയ, അസി. കൃഷി ഓഫീസര്‍ അജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗങ്ങളായ പ്രസന്ന ദേവരാജ്, പി അനിത, അനില്‍ വള്ള്യായ്, ഷിജിന പ്രമോദ്, എന്‍ വനജ, എന്‍.കെ.തങ്കം, കെ.എം നീഷ്മ, കൃഷി അസിസ്റ്റന്റ് വി.കെ റിജിന്‍, പി.കെ ഷില്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
 

date