Skip to main content

സുസ്ഥിര തൃത്താലയെ ദേശീയ മാതൃകയാക്കും: മന്ത്രി എം ബി രാജേഷ് പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനം മന്ത്രി നിർവ്വഹിച്ചു

 

 

സുസ്ഥിര തൃത്താല മാതൃകയെ ദേശീയ തലത്തിൽ അവതരിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്താകെ ഈ മാതൃക വ്യാപിക്കുന്നതിനായി ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.സുസ്ഥിര തൃത്താലയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും  ആശയവിനിമയ ശില്പശാലയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

 

വിവിധ വകുപ്പുകളോടൊപ്പം ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് സുസ്ഥിര തൃത്താലയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകും.പദ്ധതിയെ  കൂടുതൽ ജനകീയമാക്കുന്നതിലൂടെ നാലിരട്ടി വികസനം മണ്ഡലത്തിൽ സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.സുസ്ഥിര തൃത്താലയുടെ ഭാഗമായി നിരവധി കർഷകരെ വാർത്തെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൗരോർജ്ജ ഉൽപ്പാദനത്തിൽ  ജില്ലയിൽ നേട്ടം കൈവരിക്കുന്ന ആദ്യ മണ്ഡലമായി തൃത്താല യെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.  

 

സുസ്ഥിര തൃത്താല പദ്ധതിക്ക് നേതൃത്വം നൽകിയ വിവിധ വകുപ്പുകളെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ സുസ്ഥിര തൃത്താല വികസന വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.

 

പരുതൂർ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റിൻ്റുമാരായ എം പി എം സക്കറിയ, വി വി ബാലചന്ദ്രൻ, ടി സുഹറ,വിജേഷ് കുട്ടൻ, പി കെ ജയ,പി ബാലൻ, ഷറഫുദ്ദീൻ കളത്തിൽ, കെ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമ ഉണ്ണികൃഷ്ണൻ , വാർഡ് മെമ്പർ പി ശ്രീനിവാസൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി സെയ്തലവി സ്വാഗതവും ഡിപിഒ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകൾ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ പരിപാടികളുടെയും ഭാവിപ്രവർത്തങ്ങളുടെയും അവതരണങ്ങൾ നടത്തി

 

സുസ്ഥിര തൃത്താല നാല് വർഷത്തിനിടെ  കൈവരിച്ച നേട്ടങ്ങൾ

 

  • തൃത്താല മണ്ഡലത്തിൻ്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് മന്ത്രി എം. ബി. രാജേഷ് ആവിഷകരിച്ച പദ്ധതിയാണ് സുസ്ഥിര തൃത്താല .പദ്ധതി മുഖേന അഞ്ച് കോടി ലിറ്റർ മഴവെള്ളം സംഭരിക്കുന്നതിനുള്ള സൗകര്യമൊരുക്കി,
  • ചെറുനീർത്തട വികസന പദ്ധതി ഒന്നാം ഘട്ട പൂർത്തീകരിച്ചു,
  • 50 പൊതുസ്ഥാപനങ്ങളിലെ കൃത്രിമ ഭൂജലപോഷണം സാധ്യമാക്കി,
  • നാഗലശ്ശേരി പഞ്ചായത്തിലെ മങ്ങാട്ടുകുളം നവീകരണം,പട്ടിത്തറ പഞ്ചായത്തിലെ വെള്ളറച്ചോല കുളം നവീകരിച്ചു
  • 556 ഹെക്ടർ പ്രദേശത്ത് നെൽകൃഷി പുനരാരംഭിച്ചു,
  • ഒരു ലക്ഷം തെങ്ങിൻതൈ നട്ടു പരിപാലിച്ചു,
  • ജില്ലയിലാദ്യമായി കൂൺ ഗ്രാമം പദ്ധതി ആവിഷകരിച്ചു.100 യൂണിറ്റ് ചെറുകിട കൂൺ പുര  ആരംഭിച്ചു.
  • 60 അങ്കണവാടികളിലെ കിണർ റീച്ചാർജിംഗ്,575 വീടുകളിലെ കിണർ റീച്ചാർജിംഗ്,
  • 107 കാർഷിക കുളങ്ങളുടെ പൂർത്തീകരണം,
  • 64 പൊതുകുളങ്ങളുടെ നവീകരണം,
  • 139 നീർച്ചാലുകളുടെ (117.50 കിലോമീറ്റർ) നവീകരണം,
  • 21 പച്ചത്തുരുത്തുകൾ (441 സെൻന്റ്),
  • 20 ഹരിത വാർഡുകൾ,

 

പ്രതിദിനം 500 കിലോവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കൽ തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് മന്ത്രി നിർവ്വഹിച്ചത്.

 

date