Skip to main content

ക്ഷീര വികസന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2025-2026 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ക്ക്  ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. ജൂലൈ 20-ാം തീയതി വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 

20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളക്കൃഷി എന്നീ പദ്ധതികളും, പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. 

ഡയറി ഫാമുകളുടെ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിങ് മെഷീന്‍ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിര്‍മ്മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികള്‍ക്കും ഡയറി ഫാമിന്റെ ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്കും പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

(പിആര്‍/എഎല്‍പി/1919)

date