Skip to main content

കരുതലോടെ കൂടൊരുക്കാം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്തിൻ്റെ 'കരുതലോടെ കൂടൊരുക്കാം' എന്ന വ്യക്തിത്വ വികസന പദ്ധതിയുടെ  ഭാഗമായി വിദ്യാർഥികൾക്കായി  വായന പക്ഷാചരണം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. 

ആലപ്പുഴ ജൻഡർ പാർക്കിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്   'അറിവഴക്'  എന്ന പേരിൽ സംഘടിപ്പിച്ച മത്സരം ഉദ്ഘാടനം ചെയ്തു.  

ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള 47 വിദ്യാലയങ്ങളിൽ യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്ഇ  വിഭാഗങ്ങളിൽ നിന്ന് 76 വിദ്യാർഥികൾ പങ്കെടുത്തു. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് നടന്ന സ്കൂൾതല മത്സരത്തിനോടനുബന്ധിച്ചുള്ള ജില്ലാ തല മത്സരമാണ് സംഘടിപ്പിച്ചത്. യുപി വിഭാഗത്തിൽ അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസിലെ മുകിൽ സാജൻ ഒന്നാം സ്ഥാനവും പറവൂർ ഗവ. എച്ച്എസ്എസിലെ ഗ്രന്ഥന രഞ്ജിത്ത് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പറവൂർ ഗവ. എച്ച്എസ്എസിലെ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും  ചേർത്തല സൗത്ത് ഗവ. എച്ച്എസ്എസിലെ ദേവദത്തൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗത്തിൽ ചുനക്കര ഗവ. എച്ച്എസ്എസിലെ തീർത്ഥ സുനിൽ ഒന്നാം സ്ഥാനവും അമ്പലപ്പുഴ മോഡൽ എച്ച്എസ്എസിലെ വേദ ലക്ഷ്മി രണ്ടാം സ്ഥാനവും നേടി. കുട്ടികൾക്ക് സർട്ടിഫിക്കറ്റും പുസ്തകവും സമ്മാനിച്ചു. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള മൊമൻ്റോ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ആലപ്പുഴ ഗവ. ടിടിഐ അധ്യാപകൻ സ്റ്റാലിൻ, ഗവ. മുഹമ്മദൻസ് ഗേൾസ്  സ്കൂൾ അധ്യാപകൻ അനിൽ കുമാർ, എസ്ഡിവി സ്കൂൾ അധ്യാപകൻ യേശുദാസ്, തുറവൂർ ടിഡിഎച്ച്എസ്എസ് അധ്യാപകൻ വിനോദ് കുമാർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് യമുന, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.

date