കൂടാളി ഗ്രാമപഞ്ചായത്ത് ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു
കൂടാളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ ഉദ്ഘാടനം ചെയ്തു. കൃഷിഭവന് പരിസരത്ത് നടന്ന പരിപാടിയില്‍ കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പത്മനാഭന് അധ്യക്ഷത വഹിച്ചു. കാര്‍ഷികരംഗത്തെ നൂതന സാധ്യതകളെക്കുറിച്ചും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും കര്‍ഷകസഭ ചര്‍ച്ചചെയ്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ കാര്‍ഷിക ക്ലാസുകളും വിവിധ തരത്തിലുള്ള നടീല്‍ രീതികളെക്കുറിച്ചുള്ള വിശദീകരണങ്ങളും നല്കി. ഞാറ്റുവേലച്ചന്തയില്‍ പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, ചെണ്ടുമല്ലി തൈകള്‍ ഉള്‍പ്പടെ വിവിധയിനം നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, കെ വി കെ ഓണ്‍ വീല്‍സ് എന്ന പേരില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍, ജൈവ- ജീവാണു വളങ്ങള്‍, കീടങ്ങള്‍ക്ക് എതിരെയുള്ള ട്രാപ്പുകള്‍ തുടങ്ങിയവയുടെ വിപണനവും നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം വസന്ത ടീച്ചര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ദിവാകരന്, വാര്‍ഡ് അംഗം കെ.വി വത്സല, കൃഷി ഓഫീസര്‍ പി.കെ ശ്രവ്യ, കൃഷി അസിസ്റ്റന്റ് നീതു മോള് എന്നിവര്‍ സംസാരിച്ചു.
- Log in to post comments