പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടണം, ലാഭകരമാകണം- മന്ത്രി പി രാജീവ്
പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.കെഎംഎംഎൽ സിംഗിൾ ഗാർഡൻ പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് നടപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെഎംഎംഎൽ എംഎസ് യൂണിറ്റിനു മുന്നിൽ കോവിൽത്തോട്ടം ഭാഗത്ത് ടിഎസ് കനാലിനു കുറുകെയാണ് നടപ്പാലം. ദേശീയ ജലപാത വികസനത്തിന് ഉതകുന്ന പുതിയ സാങ്കേതികവിദ്യയിലാണ് പാലം നിർമ്മിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ അനുമതിയോടെ കൊച്ചിയിലെ എഫ്എസ്ടി യുടെ ഡിസൈനിങ് വിങ് ഫെഡോ ആണ് നടപ്പാലം രൂപകൽപ്പന ചെയ്തത്. കെഎം എംഎൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലെ സിവിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ 5.07 കോടി രൂപ ചെലവഴിച്ചാണ് 45 മീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരളത്തിലെ ആദ്യ സിംഗിൾ ഗാർഡൻ പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് നടപ്പാലമാണിത് - മന്ത്രി പറഞ്ഞു.
കെഎംഎംഎല്ലിലെ നേരിട്ടുള്ള കരാർ ജീവനക്കാർക്ക് (ഡിസിഡബ്ല്യു) രണ്ടു തൊഴിൽദിനങ്ങൾ കൂടി വർദ്ധിപ്പിക്കും. തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ദേശീയപാത വികസനത്തിനു ഗതാഗത യോഗ്യമായ പുതിയപാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടിവന്ന കോവിൽത്തോട്ടം സെൻറ് ലിഗോറിയസ് സ്കൂളിൻറെ നിർമ്മാണം മാനേജ്മെന്റുമായി കൂടിയാലോചിച്ച് തീരുമാനിക്കും എന്നും വ്യക്തമാക്കി.
ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായി. കെഎംഎംഎൽ മാനേജിങ് ഡയറക്ടർ പി.പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന പ്രതിനിധികളെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഗോപൻ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്ത് കുമാർ, ചവറബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി സുധീഷ് കുമാർ, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സുരേഷ് കുമാർ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകല, കോവിൽത്തോട്ടം വാർഡ് മെമ്പർ ആർ.ആൻസി, മേക്കാട് വാർഡ് അംഗം ലിൻസി ലിയോൺസ്, അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറിമാർ, ഓഫീസേഴ്സ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments