Skip to main content
കണിച്ചാർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ റിസിലിയൻസ് സെന്റർ

'ലിവിങ് ലാബ്': അതിജീവനത്തിന്റെ പുതുവഴികൾ തുറന്ന് കണിച്ചാർ

ദുരന്തങ്ങളെ അതിജീവിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി. വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയ 'ലിവിങ് ലാബ്' എന്ന പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തും ഒരേയൊരു പഞ്ചായത്തുമാണ്  കണിച്ചാർ. ദുരന്തം മുൻകൂട്ടി മനസിലാക്കി പ്രതികരിക്കാനും ദുരന്തങ്ങളിൽ അകപ്പെട്ടാൽ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള അറിവുള്ളവരായി ആളുകളെ മാറ്റുക എന്നതാണ് 'ലിവിങ് ലാബ്' പദ്ധതിയുടെ ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് തലത്തിൽ റെസിലിയൻസ് സെന്റർ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കണിച്ചാർ. റെസിലിയൻസ് സെന്റർ ഉദ്ഘാടനം 2025 ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, റെസിലിയൻസ് ഓഫീസർ കെ നിധിൻ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ഏലപ്പീടികയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് ജനങ്ങളുടെ ഫോണിലേക്ക് എത്തും. ഇതുവഴി ദുരന്ത സാധ്യത മുൻകൂട്ടി അറിയാനും ജാഗ്രത പാലിക്കാനും സാധിക്കും. മുതിർന്നവർ മുതൽ കുട്ടികൾ വരെ എല്ലാവർക്കും ശാസ്ത്രീയ പരിശീലനവും നൽകുന്നുണ്ട്. ആദ്യഘട്ടമായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 50 കുട്ടികൾക്ക് ദുരന്ത പ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പരിശീലന ക്യാമ്പുകൾ നടത്തി. കൂടാതെ അറുപതോളം സന്നദ്ധരായ ആളുകളെ ചേർത്ത് ജനകീയ ദുരന്ത പ്രതികരണ സേന രൂപീകരിച്ചു. ഇവർക്കുള്ള പരിശീലനവും നൽകിക്കഴിഞ്ഞു. സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികളും ദുരന്ത പ്രതിരോധത്തിനുള്ള മോക്ഡ്രില്ലുകളും പദ്ധതിയുടെ ഭാഗമായി നടത്തും.

2022ലെ ആഗസ്റ്റും സെപ്റ്റംബറും കണിച്ചാറിന് കഠിനമായിരുന്നു. പല സ്ഥലങ്ങളിൽ ഉരുൾപൊട്ടി, നാല് ജീവനുകൾ നഷ്ടമായി, വീടുകൾക്കും കൃഷിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്താൽ കണിച്ചാർ പഞ്ചായത്ത് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എങ്കിലും ദുരന്തം വലിയ മുറിവുകൾ ആളുകളുടെ മനസിൽ ശേഷിപ്പിച്ചു.

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നടത്തിയ പഠനത്തിൽ, ചെങ്കുത്തായ മലഞ്ചെരിവുകൾ ഉൾപ്പെടുന്ന കണിച്ചാർ പഞ്ചായത്തിലെ ഏകദേശം 8.86 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇടത്തരം മണ്ണിടിച്ചിൽ സാധ്യതയുള്ളതാണെന്നും ഇതിൽ 2.10 ചതുരശ്ര കിലോമീറ്റർ അതിതീവ്ര മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽപ്പെടുന്നതാണെന്നും കണ്ടെത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം നിശ്ചിത അളവിൽ കൂടുതൽ മഴയുണ്ടായാൽ ഉരുൾപൊട്ടലിന് സാധ്യതയേറും. പലരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനൊരുങ്ങിയെങ്കിലും ജനിച്ചു വളർന്ന നാട് വിട്ട് പോകാൻ മനസ്സില്ലാത്തവരായിരുന്നു അധികവും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു. കണിച്ചാർ പഞ്ചായത്തിനെ 'ലിവിംഗ് ലാബ്' പദ്ധതിക്കായി തെരഞ്ഞെടുത്തു. 2023 മുതൽ വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്നു.

ആദ്യഘട്ടത്തിൽ അറുപതോളം ആളുകൾ ജനകീയ ദുരന്ത പ്രതികരണ സേനയിൽ അംഗമായിട്ടുണ്ട്. കൂടാതെ, വിവിധ പൊതുസ്ഥാപനങ്ങൾ, ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നു. 'ലിവിങ് ലാബ് ' പദ്ധതിയിലൂടെ കണിച്ചാർ പഞ്ചായത്ത്, ദുരന്ത ലഘൂകരണത്തിലും അതിജീവനത്തിലും പുതിയ മാതൃക സൃഷ്ടിക്കുകയാണ്. ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ സമൂഹത്തെ സജ്ജമാക്കുന്ന പുതിയ വഴിയാണ് കണിച്ചാർ തുറന്നിരിക്കുന്നത്.
 

date