ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും : ജില്ലാ കളക്ടർ
ഇടുക്കി ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇവിടെ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കാലവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ് നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍ (എസ് ഒ പി) ഇറക്കും. അനുമതിയില്ലാത ജീപ്പ് യാത്രകളുടെ നിയന്ത്രണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,സബ് കളക്ടര്‍ എന്നിവര്‍ വഴി നാളെ (ജൂലൈ 10) ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ജീപ്പ് സഫാരി നടത്താം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. അപകടാവസ്്ഥയില്‍ ജീപ്പ് സഫാരികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ടൂറിസം മേഖലകള്‍ തിരിച്ചുള്ള യോഗങ്ങള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ടൂറിസ്റ്റുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഇടുക്കി പ്ലാസ പദ്ധതി നടപ്പിലാക്കും. ടൂറിസം പോലിസ് സേവനങ്ങള്‍ ലഭ്യമാക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യത്തെ ലക്ഷ്യം വെച്ച് ഹിസ്റ്റോറിക്കല്‍ ടൂറിസത്തിനും തുടക്കം കുറിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ വാഴൂര്‍ സോമന് എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്,ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, വിവിധ ടൂറിസം മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ചിത്രങ്ങൾ: വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുമായി കളക്ടറേറ്റിൽ നടത്തിയ കൂടിക്കാഴ്ചയിൽ കളക്ടർ വി. വിഗ്നേശ്വരി സംസാരിക്കുന്നു. വാഴൂർ സോമൻ എം എൽ എ സമീപം
- Log in to post comments