വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു: മന്ത്രി വി.ശിവന്‍കുട്ടി പഠനനേട്ട സര്‍വേയില്‍ കേരളം രണ്ടാം സ്ഥാനത്ത്
വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം തുടരുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുണ്ടയ്ക്കല്‍ ഈസ്റ്റ് അമൃതുകുളം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ നടത്തിയ പഠന സര്‍വേയില്‍ സംസ്ഥാനം രണ്ടാം സ്ഥാനം നേടി. ഒന്നാംസ്ഥാനത്ത് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. രാജ്യത്ത് ജില്ലകള്‍ തിരിച്ചുള്ള പഠന സര്‍വേയില്‍ കേരളത്തിലെ 14 ജില്ലകളും മെച്ചപ്പെട്ട വിദ്യാഭ്യാസ ജില്ലകളായി തെരെഞ്ഞെടുക്കപെട്ടു. ഒന്നാം സ്ഥാനം കൊല്ലം നേടി. കേരളത്തിലെ വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠന മികവിനും സര്‍ക്കാര്‍ 5,000 കോടി രൂപ ചിലവഴിച്ചു. 2025-26 നെ സമഗ്ര ഗുണമേ• അക്കാദമിക വര്‍ഷമായി പ്രഖ്യാപിച്ചു. ഹൈടെക് ക്ലാസ് മുറികള്‍, ആധുനിക പഠന സാമഗ്രികള്‍, വിദഗ്ധ അധ്യാപകര്‍ എന്നീ ഘടകങ്ങള്‍ കേരളത്തെ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലെത്തിച്ചു-മന്ത്രി പറഞ്ഞു.
എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ഹണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സുംബാ ഡാന്‍സ് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന എസ്.ജോര്‍ജ് സേവിയര്‍ എഴുതിയ 'സുംബാ ഡാന്‍സ് ഫിറ്റ്‌നസ്?' പുസ്തകം പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സവിതാദേവി, ഡിവിഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, കൗണ്‍സിലര്‍ ടി.പി.അഭിമന്യു, പ്രധാന അധ്യാപിക എസ്. ലളിതാ ഭായ്, ബി.പി.സി, എസ്.എസ്.കെ സി.എല്‍ ഇന്ദു, മുന്‍ പ്രധാനധ്യാപിക കെ. നാജിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments