പ്രായത്തെ തോൽപ്പിച്ച് ആടിയും പാടിയും വയോജനങ്ങൾ
പ്രായത്തെ തോൽപ്പിച്ച് അടിയും പാടിയും വയോജനങ്ങൾ വേദി കീഴടക്കി ചേരാനല്ലൂർ പഞ്ചായത്തിലെ വയോജനങ്ങൾ. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സൗഹൃദ പരിപാടിയായ വയോജനോത്സവത്തിലാണ് പ്രായം മറന്ന് വയോജനങ്ങൾ തകർത്താടിയത്. വയോജനോത്സവത്തിന്റെയും പകൽവീട് പദ്ധതിയുടെയും ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു.
ചിറ്റൂർ എൻഎസ്എസ് ഹാളിൽ നടന്ന പരിപാടിയിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഷിമ്മി ഫ്രാൻസിസ്, കെ പി ഷീബ, സ്റ്റേൻസ്ലാവോസ്, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാരായ വിൻസി ഡാരിസ്, രമ്യ തങ്കച്ചൻ, റിനി ഷോബി, വി ബി അൻസാർ, ബെന്നി ഫ്രാൻസിസ്, വി കെ ശശി, മരിയ ലില്ലി, ടി ആർ ഭരതൻ, മിനി വർഗീസ്സ്, ഷൈമോൾ ജെംസൺ, കെ ജെ ജെയിംസ്, പി കെ ഷീജ, സഹകരണ ബാങ്ക് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്റ്റാൻലി, ഐസിഡിഎസ് സൂപ്പർവൈസർ ധനുഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് തലത്തിൽ വയോജന കലാമേളയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വയോജനങ്ങളെ പൊന്നാട നൽകി ആദരിച്ചു. പരിപാടിയുടെ ഭാഗമായി ചിറ്റൂർ അമ്പലത്തിനു സമീപത്തു നിന്നും ആരംഭിച്ച വയോജന റാലിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ് നിർവഹിച്ചു. തുടർന്ന് 100 ഓളം വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. 400 വയോജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിഭവ സമൃദ്ധമായ സദ്യ നൽകി. പരിപാടി അവതരിപ്പിച്ച വയോജനങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
- Log in to post comments