Skip to main content

അർഹരായവർക്ക് പട്ടയം അനുവദിക്കാൻ ആവശ്യമെങ്കിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യും: മന്ത്രി കെ. രാജൻ

 

 

* കോതമംഗലത്തെ പട്ടയമേള ഉദ്ഘാടനം ചെയ്തു, 133 കുടുംബങ്ങൾക്ക് പട്ടയം

 

അർഹരായവർക്ക് പട്ടയം അനുവദിക്കാൻ ആവശ്യമെങ്കിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്താണ് സർക്കാർ മുന്നോട്ട്

പോകുന്നത് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം, മൂവാറ്റുപുഴ കുന്നത്തുനാട്, താലൂക്കുകളിൽ പുതിയതായി അനുവദിച്ച പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് കോതമംഗലത്ത് സംഘടിപ്പിച്ച പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാധാരണക്കാർക്കും അർഹരായവർക്കും ഭൂമി അനുവദിക്കാൻ വിപുലമായ ശ്രമമാണ് സർക്കാർ നടത്തിവരുന്നത്. അതിന്റെ ഭാഗമായി പുതിയൊരു തീരുമാനം കൂടി സർക്കാർ എടുത്തിരിക്കുകയാണ്. ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി ഒരു ലക്ഷത്തിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർത്തും..സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 9 വർഷങ്ങളിലായി 4,0,9000 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാലു വർഷങ്ങളിലായി 2,23000 ലധികം പട്ടയങ്ങൾ വിതരണം ചെയ്തു. 

 

സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്. ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തർക്കും റവന്യൂ ഡിജിറ്റൽ കാർഡ് ലഭ്യമാക്കും. ചിപ്പുകൾ ഘടിപ്പിച്ച എ.ടി.എം മാതൃകയിലുള്ള കാർഡ് നിലവിൽ വരുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഇതുവഴി അറിയാൻ കഴിയും. ഇതുവഴി സേവനങ്ങളുടെ വേഗത വർദ്ധിക്കും. പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ തീവ്രമാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

 

ആകെ 133 കുടുംബങ്ങൾക്കാണ് ചടങ്ങിൽ പട്ടയം വിതരണം ചെയ്തത്. കോതമംഗലം താലൂക്കിലെ 50 കുടുംബങ്ങളുടെയും കുന്നത്തുനാട് താലൂക്കിലെ 39 കുടുംബങ്ങളുടെയും മൂവാറ്റുപുഴ താലൂക്കിലെ 44 കുടുംബങ്ങളുടെയും ഏറെ നാളായുള്ള പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമായി.

 

കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായി.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, വഴക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അൻവർ അലി, എം.പി.ഐ ചെയർമാർ ഇ.കെ ശിവൻ, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കോതമംഗലം നഗരസഭ വൈസ്‌ ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.കെ ഗോപി, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.കെ ശിവൻ,

ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശാന്തമ്മ പയസ്, പി.റ്റി ബെന്നി, പി കെ മൊയ്തു, എൻ.സി ചെറിയാൻ, മനോജ്‌ ഗോപി, ബേബി പൗലോസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date